ഞായറാഴ്ച റമദാൻ മാസപ്പിറ നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് സൗദിയും ഖത്തറും
ഞായറാഴ്ച ശഅബാൻ 29 പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ആഹ്വാനം
ദമ്മാം/ദോഹ: ഞായറാഴ്ച റമദാൻ മാസപ്പിറ നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് സൗദി അറേബ്യയും ഖത്തറും. സൗദി സുപ്രിംകോടതിയും ഖത്തർ ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റിയുമാണ് രാജ്യത്തെ വിശ്വാസി ജനങ്ങളോട് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടത്. ഞായറാഴ്ച ശഅബാൻ 29 പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ആഹ്വാനം. മാസപ്പിറ ദർശിക്കുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കുവാനും സുപ്രിംകോടതി അഭ്യർഥിച്ചു. ഒപ്പം മാസപ്പിറവിക്ക് സാക്ഷികളായവരും അവരുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഞായറാഴ്ച മാസപ്പിറ രേഖപ്പെടുത്തുകയാണെങ്കിൽ സൗദിയുൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമദാൻ വ്രതം തുടങ്ങും.
ഞായറാഴ്ച വൈകുന്നേരം റമദാൻ മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷിക്കണമെന്ന് ഖത്തർ ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റിയും അറിയിച്ചു. രാജ്യത്തിന്റെ ഏതെങ്കിലും മേഖലകളിൽ മാസപ്പിറവി ദൃശ്യമാകുന്നവർ ദോഹ ദഫ്‌ന ടവറിലെ ഔഖാഫ് കാര്യാലയത്തിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചേരുന്ന കമ്മിറ്റി യോഗം റമദാൻ പ്രഖ്യാപനം നടത്തും. ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം തിങ്കളാഴ്ചയായിരിക്കും റമദാൻ ഒന്ന് എന്ന് ഖത്തർ കലണ്ടർ ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, യുഎഇയിൽ ഞായറാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം നൽകി. മാസപ്പിറവി നിരീക്ഷണ സമിതിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പിറ ദൃശ്യമായാൽ 026921166 എന്ന നമ്പറിൽ അറിയിക്കണമെന്നും സമിതി നിർദേശിച്ചു.