സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യത;ജാഗ്രതാ നിര്‍ദേശം
ദീര്‍ഘ ദൂര യാത്രക്കാരും ജാഗ്രത പാലിക്കണം
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം. മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള താഴ്‌വാരങ്ങളില്‍ പോകരുതെന്ന് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പുണ്ട്. ദീര്‍ഘ ദൂര യാത്രക്കാരും ജാഗ്രത പാലിക്കണം.
വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റുമുണ്ടായേക്കുമെന്നാണ് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്. റിയാദ്, കിഴക്കന്‍ പ്രവിശ്യ, അസീര്‍, നജ്‌റാന്‍, മക്ക എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. കനത്ത മഴക്ക് സാധ്യത മക്ക പ്രവിശ്യയിലും അസീറിലുമാണ്. മലയോരങ്ങളിലും മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൂടില്‍ നിന്നും തണുപ്പിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണിത്. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ഹോതാ ബനി തമീ, ലൈല, വാദി ദവാസിര്‍ എന്നിവടങ്ങളില്‍ ബുധനാഴ്ചയോടെ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. മഴക്ക് പിന്നാലെ സൗദിയിലുടനീളം ശിശിരകാലത്തിന് തുടക്കമാകും.