ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പ്: എൻകെ പ്രേമചന്ദ്രൻ എംപി
ഉപതിരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി പ്രത്യക്ഷധാരയെന്ന് എൻകെ പ്രേമചന്ദ്രൻ എംപി
റിയാദ്: കേരളത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലം രൂപപ്പെടുത്തുകയാണ് പിണറായിയും കൂട്ടരും. അതിന്റെ വ്യക്തമായ ഉദാഹരണമാണ് പാർട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുന്ന സ്ഥാനാർഥിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന് നിലവിൽ ബിജെപിയുമായി അന്തർധാരയില്ലെന്നും പ്രത്യക്ഷ ധാരയാണുള്ളതെന്നും എൻകെ പ്രേമചന്ദ്രൻ എംപി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സൗദിയിലെ റിയാദിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
തൃശൂർ എന്താണോ സംഭവിച്ചത് അത് തന്നെയാണ് പാലക്കാടും അവർത്തിക്കാനിരിക്കുന്നത്. എന്നാൽ പാലക്കാട്ടെ ജനതക്ക് ഇതെല്ലാം വ്യക്തമാണ്. പതിനായിരത്തിലധികം ഭൂരിപക്ഷത്തോടെ യൂഡിഎഫ് വിജയം നേടുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും എംപി കൂട്ടിച്ചേർത്തു.
കൊടകര കുഴൽപണക്കേസ് തെളിയാൻ സാധ്യതയില്ലെന്നും കേസ് ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് ബിജെപി പ്രസിഡന്റ് സുരേന്ദ്രന്റെ പ്രസ്താവന ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിളിച്ചുവരുത്തി നിയമപരമായ നിലപാട് എടുക്കേണ്ട ഗവണ്മെന്റ് നേമം വിഷയത്തിൽ കാഴ്ചക്കാരായി നിൽക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
മൈത്രി കരുനാഗപ്പള്ളിയുടെ 19ാം വാർഷികഘോഷവുമായി ബന്ധപ്പെട്ട് റിയാദിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് എംപി സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. വാർത്താസമ്മേളനത്തിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി, ഡോ. പുനലൂർ സോമരാജൻ, റഹ്‌മാൻ മുനമ്പത്ത്, നിസാർ പള്ളിക്കശ്ശേരിൽ, ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദ് സാദിഖ് എന്നിവർ പങ്കെടുത്തു.