കേരളത്തിൽ വിദ്യാലയങ്ങൾക്ക്  വേനലവധി;  യു.എ.ഇയിലേക്കുള്ള  വിമാന നിരക്കിൽ വൻവർധന

മാർച്ച് അവസാനവും ഏപ്രിൽ ആദ്യത്തിലും കേരളത്തിൽ നിന്നും യു.എ.ഇയിലേക്കു ഏറ്റവും കുറഞ്ഞ നിരക്ക് 23500 ഇന്ത്യൻ രൂപയാണ്

Update: 2023-03-08 07:29 GMT
Editor : Jaisy Thomas | By : Web Desk

എയര്‍ ഇന്ത്യ

Advertising

അൽഐൻ: കേരളത്തിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ  വേനലവധിക്കാലമായതിനാൽ കേരളത്തിൽ നിന്നും മാർച്ച് മാസം അവസാനം മുതൽ യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. മാർച്ച് അവസാനവും ഏപ്രിൽ ആദ്യത്തിലും കേരളത്തിൽ നിന്നും യു.എ.ഇയിലേക്കു ഏറ്റവും കുറഞ്ഞ നിരക്ക് 23500 ഇന്ത്യൻ രൂപയാണ്.  

വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ കുടുംബങ്ങളെ വിസിറ്റ് വിസയിൽ യു.എ.ഇയിലേക്കു കൊണ്ടുവരുന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിസിറ്റ് വിസ പുതുക്കണമെങ്കിൽ യു.എ.ഇക്ക് പുറത്തുപോയി തിരികെ വരണം എന്ന നിബന്ധന പ്രാബല്യത്തിലായതിനാൽ പലരും വിസിറ്റ് വിസ പുതുക്കാൻ നാട്ടിലേക്ക് തിരിക്കുകയാണ്.

ഏപ്രിൽ ഒന്നിന് കോഴിക്കോട് നിന്നും ദുബൈയിലേക്ക്  26000  രൂപയാണ്  ഏറ്റവും കുറഞ്ഞ നിരക്ക്. കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും അത് 30000  രൂപക്ക് മുകളിൽ വരും.  മൂന്നും നാലും അംഗങ്ങളുള്ള കുടുംബത്തിന് ഇത് വലിയ ബാധ്യതയാണ് വരുത്തിവെക്കുക. അവധിക്ക് നാട്ടിൽ പോയി വരുന്ന പ്രവാസികളെയും ജോലി അന്വേഷിച്ചു വരുന്നവരെയും അടിയന്തിര ആവശ്യങ്ങൾക്ക് നാട്ടിൽ പോയി വരേണ്ടവരെയും ഉയർന്ന നിരക്ക് കാര്യമായി ബാധിക്കും.  ഏപ്രിൽ അദ്യത്തിൽ കോഴിക്കോട് നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അൽഐനിലേക്കുമുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകളിൽ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞതായാണ് കാണിക്കുന്നത്. എയർഇന്ത്യ എക്സ്പ്രസിന് കോഴിക്കോട് നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും ദിവസവും രണ്ടുവീതം സർവീസ് ഉണ്ട് .

തിരക്കുള്ള സമയങ്ങളിൽ ചെറിയ വിമാനങ്ങൾക്ക് പകരം കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ വിമാനങ്ങൾ ഉപയോഗിച്ചും വിമാന കമ്പനികൾ സർവീസ് നടത്താറുണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ ഇനിയും അനുമതിയാകാത്തതിനാൽ അതിനുള്ള സാധ്യതയും ഇല്ലാതായിരിക്കുകയാണ്.

മാർച്ച് മൂന്നാം വാരം മുതൽ യു.എ.ഇയിലെ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷ കഴിഞ്ഞ് വസന്തകാല അവധി ആരംഭിക്കും. ഏപ്രിൽ ആദ്യവാരങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കും. മാർച്ച് മാസം യു.എ.ഇയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും ഏപ്രിൽ ആദ്യവാരം നാട്ടിൽനിന്നും  തിരികെ വരാൻ ഉയർന്ന നിരക്ക് നൽകേണ്ടതിനാൽ പല കുടുംബങ്ങളും സ്കൂൾ അദ്ധ്യാപകരും ഈ അവധിക്കുള്ള യാത്ര വേണ്ടന്ന് വെച്ചിരിക്കുകയാണ്. ഇതേ സമയം കേരളത്തിനു പുറത്തുള്ള പ്രധാന എയർപോർട്ടുകളായ ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി  വിമാനത്താവളങ്ങളിൽനിന്നും  യു.എ.ഇയിലെ വിവിധ വിമാനാത്താവളങ്ങളിലേക്ക്   11500 രൂപമുതൽ ടിക്കറ്റ് ലഭ്യമാണ്. ടിക്കറ്റ്  നിരക്ക് കുറവായതിനാൽ പലരും ഇത്തരം സർവീസുകളെയാണ് ആശ്രയിക്കുന്നത്.

മാർച്ച് അവസാനത്തോടെ കോഴിക്കോടുനിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിംഗ്  എയർ ഇന്ത്യ നിർത്തിയതും  കോഴിക്കോടുനിന്നും ഷാർജയിലേക്കും  അബുദാബിയിലേക്കുമുള്ള ചില സർവീസുകൾ മറ്റു ചില വിമാന കമ്പനികൾ പല സമയങ്ങളിലായി നിർത്തിയതും തിരക്കുള്ള സമയങ്ങളിൽ പ്രവാസികളുടെ യാത്ര ഏറെ ദുഷ്കരമാക്കും.   ഏപ്രിൽ തുടക്കത്തിലുള്ള നേരിട്ടുള്ള പല വിമാനസർവീസുകളുടെയും ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി കാണിക്കുന്നതിനാലും ലഭ്യമായ ടിക്കറ്റുകൾക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതിനാലും പ്രവാസികളുടെ യാത്രാ പ്രശ്നപരിഹാരത്തിനായി, തിരക്കുള്ള സമയങ്ങളിൽ താൽക്കാലികമായി പുതിയ സർവീസുകൾ ആരംഭിക്കണമെന്നാണ് വിമാന കമ്പനികളോടും സർക്കാരുകളോടും പ്രവാസികൾ ആവശ്യപ്പെടുന്നത്. പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ ജനപ്രതിനിധികളും സംഘടനകളും മുന്നിട്ടിറക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News