സ്‌കൂൾ ബസിനെ മറികടക്കുമ്പോൾ ശ്രദ്ധിക്കണം; നിയമം ലംഘിച്ചാൽ 1000 ദിർഹം പിഴ
സിഗ്നൽ ഇല്ലെങ്കിൽ സ്കൂൾബസ് ഡ്രൈവർക്കും പിഴ
അബൂദബിയിൽ സ്‌കൂൾബസിനെ അശ്രദ്ധമായി മറി കടന്നാൽ വൻതുക പിഴ നൽകേണ്ടി വരും. നിർത്തിയിട്ട സ്‌കൂൾ ബസിനെ നിയമവിരുദ്ധമായി മറി കടക്കുന്നവർക്ക് ആയിരം ദിർഹം അഥവാ 21,000 രൂപയിലേറെയാണ് പിഴ. കുട്ടികളെ കയറ്റാനോ ഇറക്കാനോ നിർത്തിയിട്ട സ്‌കൂൾ ബസിനെ മുന്നിൽ നിന്നോ പിന്നിൽ നിന്നോ മറി കടക്കാൻ പാടില്ല. സ്‌കൂൾ ബസ് നിർത്തിയാലുടൻ ബസിലെ സ്റ്റോപ്പ് ബോർഡ് പ്രവർത്തിക്കും. പിന്നീട് സ്‌കൂൾബസിനെ മറി കടക്കുന്നത് നിയമവിരുദ്ധമാണ്.
സ്‌കൂൾ ബസിന് പിന്നിലൂടെ കടന്നുവരുന്ന വാഹനങ്ങളും ബസിന്റെ എതിർവശത്ത് നിന്ന് കടന്നുവരുന്ന വാഹനങ്ങളും സ്റ്റോപ്പ് ബോർഡ് പിൻവലിക്കുന്നത് വരെ കുറഞ്ഞത് അഞ്ച് മീറ്റർ അകലത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് കുട്ടികൾ സുരക്ഷിതരായി കടന്നുപോകുന്നത് വരെ കാത്തുനിൽക്കണം. ബസിലെ സ്റ്റോപ്പ് ബോർഡ് പിൻവലിച്ചതിന് ശേഷം മാത്രമേ മറ്റുവാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ പാടുള്ളു. ഈ നിയമം ലംഘിക്കുന്നവർക്ക് ആയിരം ദിർഹം പിഴക്ക് പുറമെ ലൈസൻസിൽ പത്ത് ബ്ലാക്ക് പോയന്റും ലഭിക്കും.
സ്റ്റോപ്പ് ബോർഡ് പ്രവർത്തിപ്പിക്കാതിരുന്നാൽ സ്‌കൂൾ ബസിന്റെ ഡ്രൈവർക്കും പിഴ കിട്ടും. 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. യു എ ഇയിലെ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്