കമോൺ കേരളയിൽ കാണാനേറെ; വൻ താരനിര മേളയിൽ എത്തും
കുഞ്ചാക്കോ ബോബനും ഭാവനയും ഷാർജയിലെത്തും
ഷാർജയിൽ മൂന്ന് ദിവസം നീളുന്ന ഗൾഫ് മാധ്യമം കമോൺ കേരള മേളയിൽ എത്തുന്നത് വൻ താരനിര. സിനിമാ താരങ്ങൾ മാത്രമല്ല, ബിസിനസിലെയും രാഷ്ട്രീയത്തിലെയും പ്രമുഖർ മേളയിൽ പങ്കെടുക്കാൻ ഷാർജയിൽ എത്തും.
ഗൾഫ് മാധ്യമം കമോൺ കേരള മേള ഇക്കുറി രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ നീളുന്ന വിവിധ പരിപാടികൾ കൊണ്ട് സമ്പന്നമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കുഞ്ചാക്കോ ബോബൻ, ഭാവന തുടങ്ങിയവരുടെ നേതൃത്വത്തിൽ വമ്പൻ താരനിര മേയിലുണ്ടാകും.
കാംറി കാർ ഉൾപെടെ വമ്പൻ സമ്മാനങ്ങൾ ലഭിക്കുന്ന മൽസരങ്ങൾ അരങ്ങേറും. രാജ് കലേഷും മാത്തുക്കുട്ടിയും അവതരിപ്പിക്കുന്ന 'മച്ചാൻസ് ഇൻ ഷാർജ' മൂന്ന് ദിവസവും പകൽ സമയത്ത് നടക്കും. പ്രചോദക പ്രഭാഷകൻ മാണി പോളും മകളും നടിയുമായ പേളി മാണിയും 'പോൾ ആൻഡ് പേളി' ഷോയുമായി എത്തും.
കുട്ടികൾക്കായി ചിത്ര രചന മത്സരം, സൗന്ദര്യ പാഠങ്ങൾ പകരുന്ന 'ദ ആർട്ട് ഓഫ് ഗ്രൂമിങ്', പാട്ടിന് സമ്മാനവുമായി 'സിങ് എൻ വിൻ', മജീഷൻ രാജമൂർത്തിയുടെ മാജിക് വർക്ഷോപ് എന്നിവ ഇത്തവണത്തെ ആകർഷണങ്ങളാണ്.
ഡസർട്ട് മാസ്റ്റർ തത്സമയ പാചക മത്സരം, ഇന്ത്യൻ രുചിഭേദങ്ങളുടെ ടേസ്റ്റി ഇന്ത്യൻ സ്റ്റാളുകൾ, ഷെഫ് പിള്ളയുടെ പാചക വർക് ഷോപ്പ് എന്നിവയുണ്ടാകും. വൈറൽ സൂപ്പർ സ്റ്റാറുകൾ അവതരിപ്പിക്കുന്ന സ്റ്റാർ ബീറ്റ്‌സാണ് ആദ്യ ദിവസത്തെ പ്രത്യേകത.
രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി നടക്കുന്ന മ്യൂസിക് ഓഫ് മൈൻഡ്ഫുൾനെസ് ഇന്ത്യൻ സ്ത്രീത്വത്തിൻറെ ആഘോഷ വേദിയായിരിക്കും.
കേരളത്തിന്റെ സഹവർത്തിത്വത്തിന്റെ സന്ദേശവുമായി 'ഹാർമോണിയസ് കേരള' അവസാന ദിവസം നടക്കും. കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ എന്നിവർ മുഖ്യാതിഥികളായി ഉണ്ടാകും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ്, കൊമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ പങ്കെടുക്കും.