1 കോടി 71.5 ലക്ഷം അന്താരാഷ്ട്ര സന്ദർശകർ; പുതിയ റെക്കോർഡിട്ട് ദുബൈ നഗരം
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ ഇരുപത് ശതമാനത്തോളമാണ് വർധന രേഖപ്പെടുത്തിയത്.
ദുബൈ സന്ദർശിക്കുന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ ഇരുപത് ശതമാനത്തോളമാണ് വർധന രേഖപ്പെടുത്തിയത്.
കിരീടാവകാശി ശൈഖ് ഹംദാനാണ് സഞ്ചാരികളുടെ എണ്ണത്തിൽ ദുബൈ പുതിയ റെക്കോർഡിട്ട വിവരം പങ്കുവെച്ചത്. 2023 ൽ ഒരുകോടി എഴുപത്തൊന്നര ലക്ഷം അന്താരാഷ്ട്ര സഞ്ചാരികൾ ദുബൈ കാണാനെത്തി എന്നാണ് കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 19.4 ശതമാനം വർധനയാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടായത്.
2022ൽ 1 കോടി 43 ലക്ഷം സഞ്ചാരികളാണ് ദുബൈയിലെത്തിയത്. കോവിഡിന് മുമ്പ് 2019ൽ 1.67 കോടി സഞ്ചാരികളാണ് എത്തിയിരുന്നത്. കോവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാൾ കൂടുതൽ പേരെ ദുബൈയിലെത്തിക്കാൻ കഴിഞ്ഞവർഷം സാധിച്ചു. ആഗോള ടൂറിസം മേഖലയിൽ നഗരം മുൻപന്തിയിലാണെന്നും ഹോട്ടൽ താമസ നിരക്കിൽ ലോകത്തെ ഏറ്റവും മുൻനിരയിലാണെന്നും ശൈഖ് ഹംദാൻ പറഞ്ഞു.