ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് യു.എ.ഇയില്‍ ഹൃദ്യമായ സ്വീകരണം

നിയമസഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ഒരു നിയമസഹായ കേന്ദ്രം സ്ഥാപിക്കാന്‍ ചീഫ് ജസ്റ്റ്‌സ് നിര്‍ദേശിച്ചു

Update: 2022-03-18 08:45 GMT
Advertising

സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ യു.എ.ഇയിലെത്തി. അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ന്യായാധിപന് പ്രവാസികള്‍ ഹൃദ്യമായ സ്വീകരണമൊരുക്കി. ഇന്ത്യക്കാരുടെ പരമ്പരാഗത രീതികള്‍ സംരക്ഷിക്കുന്നതിനായി നിയമപരമായ നടപടികള്‍ കൈകൊണ്ട യു.എ.ഇയെ ചീഫ് ജസ്റ്റിസ് അഭിനന്ദിച്ചു.

നാടുകടത്തലുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ വേഗത്തിലാക്കാന്‍ നിയമ മന്ത്രാലയവുമായി സംസാരിച്ചതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യക്കാരായ മുസ്്ലിം ഇതര വിഭാഗങ്ങളുടെയും മറ്റും പരമ്പരാഗത രീതികള്‍ സംരക്ഷിക്കുന്നതിനായി യു.എ.ഇ. സര്‍ക്കാര്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രത്യേക കോടതികള്‍ തന്നെ രൂപീകരിച്ച് ആവശ്യമായ ഇടപെടല്‍ നടത്തുകയാണ് ഈ രാജ്യം. എന്നാല്‍, ആവശ്യത്തിന് പരിഭാഷകരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ഒരു നിയമസഹായ കേന്ദ്രം സ്ഥാപിക്കാന്‍ ചീഫ് ജസ്റ്റ്‌സ് നിര്‍ദേശിച്ചു. ഇന്ത്യന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇതിനായി എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മാതൃരാജ്യത്തെയും മാതൃഭാഷയെയും ഒരിക്കലും മറക്കരുതെന്ന് പ്രവാസികളെ ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. പരിപാടിയില്‍ ചീഫ് ജസ്റ്റിനെയും ജസ്റ്റിസ് ഹിമ കോഹ്ലിയെയും ആദരിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡറുമായി ചില നിയമപരമായ പ്രശ്നങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്തു. യു.എ.ഇ ഫെഡല്‍ സുപ്രീം കോടതി പ്രതിനിധികളും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News