അബൂദബി വിമാനത്താവളത്തിന്റെ പേരുമാറ്റി; ഇനി മുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനോടുള്ള ആദരസൂചകമായാണ് പുതിയ പേര്
അബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനത്താവളം ഇനി സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്നറിയപ്പെടും. പേരുമാറ്റം നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് മുതലാണ് മാറ്റം ഔദ്യോഗികമായി നിലവിൽ വന്നത്. പേരുമാറ്റം ആഘോഷമാക്കാൻ വിവിധ വിമാനകമ്പനികൾ നിരക്കിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനോടുള്ള ആദരസൂചകമായാണ് അബൂദബി വിമാനത്താവളത്തിന് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് പേരിട്ടത്. പേരുമാറ്റം നേരത്തേ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രഖ്യാപിച്ചിരുന്നു.
വിമാനത്താവളത്തിന്റെ പുതിയ പേര് ആഘോഷമാക്കുന്നതിന്റെ ഭാഗമായി അബൂദബിയില്‍ നിന്നും ചില വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ക്കായി ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 19 നും ജൂണ്‍ 15 നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ ലഭിക്കും. ഇതിനായി ഈമാസം 14 മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം.
വിസ് എയറും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളവും യാത്രക്കാര്‍ക്കായി ഈ മാസം 11 വരെ വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ കഫേകള്‍, ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളില്‍ പ്രത്യേക ഓഫറുകളും നൽകും.