അബൂദബി സ്‌ഫോടനം: മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു
ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി
അബൂദബി: അബൂദബി ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് സ്വദേശി കൊളവയൽ കാറ്റാടിയിൽ മേസ്ത്രി ദാമോദരൻറെ മകൻ ധനേഷ് (32) ആണ് മരിച്ചത്. യുഎഇയിലെ ബന്ധുക്കളാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശിയെ തിരിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് അബൂദബിയിലെ മലയാളി റെസ്റ്റോറൻറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചത്. സംഭവത്തിൽ 120 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. 64 പേർ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.
ഉച്ചക്ക് ഒരുമണിയോടെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയർ റെസ്റ്റോറൻറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആറ് കെട്ടിടങ്ങൾക്ക് സ്‌ഫോടനത്തിൽ കേടുപാട് സംഭവിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ട്. സ്ഫോടനത്തെ തുടർന്ന് വലിയ ശബ്ദം കേട്ടതായും ജനാലകൾ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാർ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങൾ കേട്ടെന്ന് സമീപവാസികൾ വെളിപ്പെടുത്തി. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്.