അബൂദബിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിനു പുതിയ നിയമം
ചാർജിങ് കേന്ദ്രങ്ങൾ പ്രത്യേക മീറ്റർ വെക്കണം. ഈ മാസം 26 മുതൽ അധികനിരക്ക് ഈടാക്കും
അബൂദബിയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന കേന്ദ്രങ്ങൾക്ക് പ്രത്യേക മീറ്റർ നിർബന്ധമാക്കുന്നു. മീറ്റർ സ്ഥാപിക്കുന്നത് വരെ വാഹനങ്ങൾ ചാർജ് ചെയ്യാൻ മാസം 92 ദിർഹം അധികം ഈടാക്കും. മീറ്റർ സ്ഥാപിക്കാൻ ഡിസംബർ വരെ സമയപരിധി നല്‍കിയിട്ടുണ്ട്.
അബൂദബി ഊർജ വകുപ്പാണ് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. വാഹനങ്ങൾ ചാർജ് ചെയ്യുന്ന പൊതുകേന്ദ്രങ്ങൾക്കും സ്വകാര്യസ്ഥലങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. വാഹനങ്ങൾ ചാർജ് ചെയ്യുന്നുണ്ടെങ്കിൽ ഈമാസം 26 മുതൽ അബൂദബി ഡിസ്ട്രിബ്യൂഷൻ കമ്പനിയും അൽഐൻ ഡിസ്ട്രീബ്യൂഷൻ കമ്പനിയും മാസം ബില്ലിൽ 92 ദിർഹം അധികം ഈടാക്കും. ഇതിന് പ്രത്യേക മീറ്റർ ഘടിപ്പിക്കുന്നത് വരെയാണ് ഈ നടപടി. പിന്നീട് കിലോവാട്ട് പെർ അവറിന് 30 ഫിൽസ് വീതം താരിഫ് ബാധകമാകും.
സ്വകാര്യ ചാർജിങ് കേന്ദ്രങ്ങൾക്ക് ഈവർഷം ഡിസംബർ 31 വരെ പ്രത്യേക മീറ്റർ ഘടിപ്പിക്കാൻ സമയം നല്കും. രജിസ്റ്റർ ചെയ്ത എല്ലാ കേന്ദ്രങ്ങൾക്കും ഈവർഷം അവസാനം വരെ മീറ്റർ വൈദ്യുതി വിതരണ കമ്പനികൾ സൗജന്യമായി നൽകും. അതിനുശേഷവും നിർദേശം പാലിക്കാത്തവരിൽനിന്ന് പിഴ ഈടാക്കും.