ഗ്യാസ് ഇറക്കുമതിക്ക് അഡ്‌നോക്ക്- ഐ.ഒ.സി കരാർ; 14 വർഷത്തേക്ക് 72,600കോടി രൂപയുടെ ഇടപാട്

കരാർ പ്രകാരം അഡ്‌നോക് ഗ്യാസ് 12ലക്ഷം മെട്രിക് ടൺ എൽ.എൻ.ജി ഓരോ വർഷവും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും

Update: 2023-07-19 17:34 GMT
Advertising

യു.എ.ഇ ആസ്ഥാനമായ അഡ്‌നോക് ഗ്യാസും ഇന്ത്യൻ ഓയിൽ കോർപറേഷനും എൽ.എൻ.ജി ഇറക്കുമതി ചെയ്യാൻ കരാർ ഒപ്പിട്ടു. 14വർഷത്തേക്കാണ് കരാർ. 2570 മുതൽ 3300കോടി ദിർഹം വരെ (ഏകദേശം 72,600കോടി രൂപ) മൂല്യമുള്ള കരാർ പ്രകാരം അഡ്‌നോക് ഗ്യാസ് 12ലക്ഷം മെട്രിക് ടൺ എൽ.എൻ.ജി ഓരോ വർഷവും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും.

ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജീസുമായും അഡ്‌നോക് മൂന്നുവർഷത്തെ ഗ്യാസ് വിതരണ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഏകദേശം 120കോടി ഡോളറിൻറെ മൂല്യമുള്ള കരാറാണിത്. അഡ്‌നോക്കുമായി ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ദീർഘകാലത്തേക്ക് ഗ്യസ് വാങ്ങുന്നതിന് കരാറിലെത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ധാരണയിലെത്തിയതിലൂടെ ഇന്ത്യയുടെ വളർച്ചക്ക് സംഭാവനകൾ നൽകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അഡ്‌നോക് ഗ്യസ് സി.ഇ.ഒ അഹ്മദ് അൽഇബ്രി പ്രസ്താവനയിൽ പറഞ്ഞു.

കരാർ സുപ്രധാനമായ നാഴികക്കല്ലാണെന്നും ആഗോളതലത്തിൽ കമ്പനിയുടെ സാന്നിധ്യം കൂടുതൽ ഇടങ്ങളിലേക്ക് വികസിക്കുകയാണെന്നും ഇന്ത്യൻ ഓയിൽ കോർപറേഷനുമാവയി സഹകരണം കൂടുതൽ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനത്തെത്തിയ ഇന്ത്യ, രാജ്യത്തെ പ്രകൃതി വാതകത്തിൻറെ അളവ് 2030ഓടെ ഇരട്ടിയാക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിൻറെ ഭാഗമായി ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതും പുതിയ കരാറുകളും അടക്കമുള്ള നീക്കങ്ങൾ നടത്തുന്നത്.

യുക്രൈയ്ൻ യുദ്ധം ആരംഭിച്ച ശേഷം യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ഗ്യാസ് വാങ്ങുന്നത് അവസാനിപ്പിച്ചതോടെ ഗൾഫ് മേഖലയിൽ നിന്ന് വലിയ തോതിൽ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്. എണ്ണ, ഗ്യാസ് വ്യപാരത്തിൽ വലിയ വളർച്ചയാണ് മേഖലയിൽ സമീപ വർഷങ്ങളിൽ രേഖപ്പെടുത്തിയത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News