എല്ലാ എമിറേറ്റിലുമുള്ള വിസക്കാർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിലേക്ക് വരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്
മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
യു.എ.ഇയിലെ എല്ലാ എമിറേറ്റിലുമുള്ള വിസക്കാർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിലേക്ക് വരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ. അബൂദബി വിസക്കാരെ മാത്രമായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
പുതിയ നിർദേശം വന്നതോടെ ദുബൈയിലും ഷാർജയിലും വിസയുള്ളവർക്ക് നേരിട്ട് അബൂദബിയിൽ ഇറങ്ങാം. മറ്റ് എമിറേറ്റുകളിൽ നിന്ന് വിസയെടുക്കുന്ന സന്ദർശക വിസക്കാർക്കും അബൂദബിയിലിറങ്ങാൻ സാധിക്കും.
യാത്രക്കാർ ഐ.സി.എയുടെ അനുമതി നേടിയിരിക്കണം. തുടർന്ന് ഐ.സി.എയുടെ സ്മാർട്ട് രജിസ്ട്രേഷൻ വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യണം. യാത്രക്ക് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം ഹാജരാക്കണം.
വിമാനത്താവളത്തിൽ നിന്നെടുത്ത റാപിഡ് പരിശോധന ഫലവും വേണം. അബൂദബി വിമാനത്താവളത്തിലും കോവിഡ്പരിശോധന നടത്തണം. വാക്സിനെടുത്തവർ അബൂദബിയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധന നടത്തണം. എന്നാൽ, ക്വാറൻറീൻ ആവശ്യമില്ല.
വാക്സിനെടുക്കാത്തവർക്ക് പത്ത് ദിവസം ക്വാറൻറീൻ വേണം. 16 വയസിൽ താഴെയുള്ളവർക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ലെന്നും പുതിയ സർക്കുലറിൽ പറയുന്നു