യുഎഇയില്‍ എയര്‍ ടാക്‌സികള്‍ നിര്‍മിക്കും; അബൂദബിയിൽ പദ്ധതിക്കൊരുങ്ങി യു.എസ് കമ്പനി
2027ഓടെ യുഎഇയില്‍ തന്നെ നിര്‍മിക്കുന്ന എയര്‍ടാക്‌സികള്‍ രാജ്യത്തിന്റെ ആകാശത്ത് പറക്കും.
അബൂദബി: യുഎഇയില്‍ എയര്‍ടാക്‌സികള്‍ നിര്‍മിക്കാൻ പദ്ധതി. അബുദാബിയിലാണ് ഹ്രസ്വദൂര എയര്‍ടാക്‌സികള്‍ നിർമിക്കുക. യു.എസ് കമ്പനിയായ ഒഡീസ് ഏവിയേഷനാണ് യുഎഇയിൽ എയർ ടാക്സികൾ നിർമിക്കാൻ ഒരുങ്ങുന്നത്.
ഇതോടെ, 2027ഓടെ യുഎഇയില്‍ തന്നെ നിര്‍മിക്കുന്ന എയര്‍ടാക്‌സികള്‍ രാജ്യത്തിന്റെ ആകാശത്ത് പറക്കും. ഹ്രസ്വദൂര യാത്രകള്‍ക്കും ചെറിയ തോതിലുള്ള ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കുമായി രൂപകൽപന ചെയ്ത ഹൈബ്രിഡ്- ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് വിമാനങ്ങളാണ് കമ്പനി പ്രത്യേകം നിര്‍മിക്കുന്നത്.
ഹ്രസ്വദൂര എയര്‍ ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കും. നെക്സ്റ്റ് ജെന്‍ എഫ്ഡിഐ എന്ന പേരിൽ യുഎഇയുടെ നിക്ഷേപ സൗഹാര്‍ദ പദ്ധതിയില്‍ ഒഡീസ് ഏവിയേഷന്‍ ഔദ്യോഗികമായി ചേര്‍ന്നതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു. നെക്സ്റ്റ് ജെന്‍ എഫ്ഡിഐ പദ്ധതിയുടെ സഹായത്തോടെ ഒഡീസ് ഏവിയേഷന്‍ കമ്പനി അബൂദബിയില്‍ ആസ്ഥാനമൊരുക്കാനാണ് നീക്കം.
ഇത് യുഎഇയില്‍ 2000ത്തിലേറെ തൊഴിലസരങ്ങളുണ്ടാക്കും. യുഎഇയില്‍ നിര്‍മിച്ച ആദ്യ എയര്‍ ടാക്‌സിയുടെ കയറ്റുമതിയും ഇതിലൂടെ സാധ്യമാകും. സിവിലിയന്‍, കാര്‍ഗോ, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രാദേശികതലത്തിലും യുഎഇ ഒഡിസ് വിമാനങ്ങളെ പ്രയോജനപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.