ദുബൈ മെട്രോയുടെ മുഴുവൻ സ്റ്റേഷനുകളും പൂർവസ്ഥിതിയിൽ
മഴക്കെടുതിയിൽ അടച്ചിട്ട എനർജി സ്റ്റേഷനും തുറന്നു
ദുബൈ: കഴിഞ്ഞ മാസം പെയ്ത മഴയിൽ പ്രവർത്തനം താളംതെറ്റിയ ദുബൈ മെട്രോയുടെ മുഴുവൻ സ്റ്റേഷനുകളും പൂർവ സ്ഥിതിയിലായി. എനർജി സ്റ്റേഷനും തുറന്നിട്ടുണ്ട്. മേയ് 28ന് തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അറ്റകുറ്റപ്പണികളും പരിശോധനയും നേരത്തെ പൂർത്തീകരിച്ചതോടെയാണ് സ്റ്റേഷൻ തുറന്നത്.
ദുബൈ മെട്രോയുടെ ഓൺപാസീവ്, ഇക്വിറ്റി, മശ്‌റഖ് സ്റ്റേഷനുകൾ കഴിഞ്ഞ ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. മഴക്കെടുതി ഒഴിഞ്ഞ് മെട്രോ സർവീസ് അതിവേഗം പുനഃസ്ഥാപിച്ചെങ്കിലും നാലു സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഇറങ്ങാനോ കയറാനോ കഴിഞ്ഞിരുന്നില്ല. ഇതിനു പകരം മറ്റു സ്റ്റേഷനികളിൽ നിന്ന് ഇവിടേക്ക് ബസിൽ സംവിധാനം ഏർപ്പെടുത്തുകയായിരുന്നു. പ്രവർത്തനം മുടങ്ങിയ സ്റ്റേഷനുകളിൽ മുഴുവൻ സുരക്ഷാപരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് സർവീസ് ഉറപ്പുവരുത്തുന്ന രീതിയിൽ സ്‌റ്റേഷനുകൾ സജ്ജമാണെന്ന് അധികൃതർ വെളിപ്പെടുത്തി. ആർ.ടി.എയും മറ്റു സംവിധാനങ്ങളും ചേർന്ന് അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കിയതോടെയാണ് മെട്രോ സേവനം അതിവേഗം പുനരാരംഭിക്കാൻ സാധിച്ചത്. മെട്രോയുടെ ഓപറേഷനും അറ്റകുറ്റപ്പണികളും നിർവഹിക്കുന്ന കിയോലിസ്- മിസ്തുബ്ഷി ഹെവി ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് സ്‌റ്റേഷനുകൾ തുറക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
ഓരോ സ്‌റ്റേഷനുകളിലും പ്രത്യേകമായ പരിശോധനകൾ അധികൃതർ പൂർത്തീകരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോം ഡോറുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, മറ്റു സേവന സംവിധാനങ്ങൾ എന്നിവയുടെ പരിശോധനകൾ പ്രത്യേകമായി നടത്തിയിട്ടുണ്ട്.