ഏഷ്യാകപ്പ്; ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ രണ്ടര മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു
മറ്റു മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന തുടരുകയാണ്
27ന് യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇന്നലെ മുതൽ വിൽപ്പന ആരംഭിച്ചു. വിൽപ്പന ആരംഭിച്ച് രണ്ടര മണിക്കൂറിനുള്ളിൽ തന്നെ 28ന് ദുബൈയിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ആദ്യ ബാച്ച് ടിക്കറ്റുകൾ വിറ്റുതീർന്നു.
അടുത്ത ബാച്ച് ടിക്കറ്റുകൾ ഉടൻ പുറത്തിറക്കുമെന്ന് സംഘാടകർ അറിയിച്ചു. മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ക്രിക്കറ്റ് ആരാധകർക്ക് ടിക്കറ്റുകൾ ലഭിച്ചത്. മറ്റു മത്സരങ്ങളുടെ ടിക്കറ്റ വിൽപ്പന തുടരുകയാണ്.
തിങ്കളാഴ്ച മുതൽ ടിക്കറ്റ് ലഭിക്കുമെന്നറിഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്യാനായി ആരാധകർ പുലർച്ചെ 4.30 മുതൽ വരെ സൈറ്റിൽ കയറിയിയിരുന്നു. എങ്കിലും വൈകുന്നേരം 6 മണിക്കാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്.
ഉയർന്ന ഡിമാൻഡ് കാരണം, ആദ്യം വരുന്നവർക്ക് ആദ്യം നൽകുന്ന രീതിയിൽ ഓൺലൈൻ ക്യൂ ഒരുക്കിയാണ് ടിക്കറ്റുകൾ നൽകിയത്. ദുബൈയിലെയും ഷാർജയിലെയും മത്സരങ്ങൾക്ക് പ്രത്യേക ലിങ്കുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്.
മൂന്ന് മണിക്കൂറോളം ക്യൂവിൽ നിന്നിട്ടും ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ആദ്യ ബാച്ച് ടിക്കറ്റുകൾ ലഭിക്കാത്തതിൽ നിരാശരാണ് ആരാധകർ. https://t.co/BjfeZVCIxi എന്ന ലിങ്ക് വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ശ്രീലങ്കയിൽ നടക്കേണ്ട ടൂർണമെന്റാണ് രാഷ്ട്രീയ സാഹചര്യങ്ങളാൽ യു.എ.ഇയിൽ നടത്തുന്നത്.