വിസിറ്റ് വിസയിലെത്തി യാചന നടത്തുന്നവർക്കെതിരെ ജാഗ്രതാ നിർദേശവുമായി ദുബൈ പോലീസ്
ഒരു യാചകയെ അറസ്റ്റ് ചെയ്തപ്പോൾ 60,000 ദിർഹം കണ്ടെടുത്തതായി പോലീസ് പറഞ്ഞു
ദുബൈ: വിസിറ്റ് വിസയിലെത്തി യാചന നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. യു.എ.ഇയിലെ ജനങ്ങൾ കൂടുതൽ ഉദാരത കാണിക്കുന്ന മാസം ലക്ഷ്യംവെച്ചാണ് ഭിക്ഷാടന ടൂറിസ്റ്റുകൾ വരുന്നതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.റമദാൻ തുടക്കം മുതൽ ആരംഭിച്ച യാചനാ വിരുദ്ധ കാമ്പയിനിന്‍റെ ഭാഗമായി നിരവധി പേരെ ദുബൈ പോലീസ് ഇതിനകം പിടികൂടി.
ഏപ്രിൽ 13വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിന്‍റെ ഭാഗമായി എമിറേറ്റിലുടനീളം പൊലീസ് പരിശോധന ശക്തമാക്കി. യാചകർ സ്ഥിരമായി തമ്പടിക്കുന്ന പള്ളികളിലും മാർക്കറ്റുകളിലുമാണ് പരിശോധന. സംഘടിത ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന ഒരു യാചകയെ അറസ്റ്റ് ചെയ്തപ്പോൾ 60,000 ദിർഹം കണ്ടെടുത്തതായി ദുബൈ പൊലീസിലെ ബന്ധപ്പെട്ട വകുപ്പ് ഡയറക്ടർ ബ്രി. അലി അൽ ശംസി പറഞ്ഞു.
മറ്റു എമിറേറ്റുകളിലും യാചനക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. അജ്മാന്‍ എമിരേറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 45 യാചകരെ ഇതിനകം പിടികൂടിയിട്ടുണ്ട്. റാസൽഖൈമയിൽ 34 പേരും പിടിയിലായി.
റമദാൻ മാസത്തിന്‍റെ ആദ്യ ആഴ്ചയിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഭിക്ഷാടകരെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി തിരച്ചിൽ സംഘത്തെ രൂപീകരിച്ച് സുരക്ഷാ സാന്നിധ്യം വർധിപ്പിച്ചതായി അജ്മാന്‍ പൊലീസ് വ്യക്തമാക്കി. ദരിദ്രരെയും രോഗികളെയും സഹായം ആവശ്യമുള്ള ഏവരെയും സഹായിക്കുന്ന നിരവധി ചാരിറ്റബിൾ അസോസിയേഷനുകൾക്ക് അജ്മാൻ സൗകര്യമൊരുക്കുന്നതായും പൊലീസ് വ്യക്തമാക്കി.