ഷാർജയിൽ 2000 സ്‌കൂൾ ബസുകളിൽ കാമറകൾ സ്ഥാപിച്ചു
ഷാർജയിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി 2000 സ്‌കൂൾ ബസുകളിൽ കാമറകൾ സ്ഥാപിച്ചു. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടേതാണ് നടപടി.
സ്വകാര്യ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന 2000 ബസുകളിലാണ് കാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും രക്ഷിതാക്കൾക്ക് ഇനി എവിടെ നിന്നും തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കാൻ സാധിക്കും.
കോവിഡിന് മുമ്പു തന്നെ ഇതിന്റെ ആദ്യ ഘട്ടം ആരംഭിച്ചിരുന്നു. ഈ ഘട്ടത്തിൽ ബസുകളിൽ ജി.പി.എസ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. 3250 ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കുമായി സുരക്ഷാ പരിശീലനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
വിദ്യാർത്ഥികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ ബസ് സൂപ്പർവൈസർമാർക്ക് 2000 ടാബ്ലെറ്റുകളും നൽകിയിട്ടുണ്ട്. കുട്ടികൾ ബസിൽ കയറുന്നതും വീട്ടിലെത്തുന്നതും രക്ഷിതാക്കൾക്ക് വീക്ഷിക്കാൻ സാധിക്കുംം.
എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലേക്കും മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാൻ സർക്കുലർ അയച്ചിട്ടുണ്ട്.