വെടിനിർത്തൽ കരാർ: ഹമാസി​ന്റെ ഉപാധികൾ അംഗീകരിക്കാതെ ഇസ്രായേൽ

ഭക്ഷണവും മരുന്നും ലഭിക്കാതെ ബന്ദികളിൽ ഒരാൾ മരിച്ചതായി അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ

Update: 2024-03-24 01:28 GMT
Advertising

ദുബൈ: വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട്​ ഹമാസ്​ മുന്നോട്ടുവെച്ച ഉപാധികൾ ഇസ്രായേൽ തള്ളിയതായി റിപ്പോർട്ട്. ആക്രമണം നിർത്തി ഗസ്സ വിടാൻ ഒരുക്കമല്ലെന്നും ഉപാധികളുടെ പുറത്തല്ലാതെ വടക്കൻ ഗസ്സയിലേക്ക്​ ജനങ്ങളുടെ തിരിച്ചുവരവ്​ അനുവദിക്കില്ലെന്നും മധ്യസ്ഥ രാജ്യങ്ങളെ ഇസ്രായേൽ അറിയിച്ചതായാണ്​ റിപ്പോർട്ട്​.

പാരീസ്​, കൈറോ ചർച്ചകൾക്ക്​ പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദോഹയിൽ തുടർന്ന വെടിനിർത്തൽ കരാർ ചർച്ചയും പൂർണപരാജയത്തിലേക്കെന്നാണ്​ സൂചന. ഹമാസ്​ മുന്നോട്ടുവെച്ച പ്രധാന ഉപാധികളൊന്നും സ്വീകാര്യമല്ലെന്ന്​ ഇസ്രായേൽ മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽജസീറ റിപ്പോർട്ട്​ ചെയ്​തു.

ആക്രമണം പൂർണമായി നിർത്തുക, സൈന്യം ഗസ്സ വിടുക, പുറന്തള്ളിയ ഫലസ്​തീനികൾക്ക്​ തിരിച്ചുവരാൻ അനുമതി നൽകുക എന്നിവയായിരുന്നു ഹമാസ്​ മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ. ഇതി​ൽ ആദ്യത്തെ രണ്ടും തള്ളുന്നതായും ഫലസ്​തീനികളുടെ തിരിച്ചുവരവ്​ ഉപാധികളുടെ പുറത്തുമാത്രമായിരിക്കും എന്നുമാണ്​ ഇസ്രായേൽ മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചത്​.

ഗസ്സയിൽ സ്​ഥിതിഗതികൾ അത്യന്തം സങ്കീർണമായിരിക്കെ, അടിയന്തര വെടിനിർത്തൽ ഒട്ടും വൈകരു​തെന്ന്​ ലോകരാജ്യങ്ങളോട്​ യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്​ ആവശ്യപ്പെട്ടു. ഗസ്സയി​ലേക്ക്​ തടസ്സം കൂടാതെ സഹായം എത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വലിയ മാനുഷിക ദുരന്തത്തിലേക്ക്​ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും യു.എൻ ​സെക്രട്ടറി ജനറൽ മുന്നറിയിപ്പ്​ നൽകി.

ഗസ്സ സിറ്റിയിൽ ഭക്ഷണത്തിന്​ കാത്തിരുന്ന ആയിരങ്ങൾക്ക്​ നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഇന്നലെ 19 പേർ കൊല്ലപ്പെടുകയും എഴുപതിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. റഫക്കു നേരെയുള്ള ആക്രമണത്തിൽനിന്ന്​ പിറകോട്ടില്ലെന്ന്​ ഇസ്രായേൽ നേതൃത്വം വീണ്ടും വ്യക്​തമാക്കി.

അതിനിടെ, ഭക്ഷണവും മരുന്നും ലഭിക്കാതെ ബന്ദികളിൽ ഒരാൾ മരണ​പ്പെട്ടതായി അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ അറിയിച്ചു. 34 വയസുള്ള യെവ്​ജൻ ബുച്​താഫ്​ ആണ്​ മരണപ്പെട്ടത്​. സഹായം നിഷേധിക്കുന്നതിലൂടെ ഫലസ്​തീനികൾ മാത്രമല്ല ബന്ദികളും മരണപ്പെടുമെന്ന്​ തങ്ങൾ നേരത്തെ നൽകിയ മുന്നറിയിപ്പ്​ യാഥാർഥ്യമായി മാറുകയാണെന്നും അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ പറഞ്ഞു.

തെൽ അവീവിൽ ആയിരങ്ങൾ ബന്ദികളുടെ മോചനം ആവശ്യ​പ്പെട്ട്​ പ്രകടനം നടത്തി. അൽശിഫ ആശുപത്രിക്കു നേരെയുള്ള ആക്രമണം ഇസ്രായേൽ ഇന്നലെയും തുടർന്നു. ആശുപത്രി സമുച്ചയത്തി​ന്റെ സമീപ കെട്ടിടങ്ങളിൽ കഴിയുന്ന ആയിരങ്ങളും ഭീതിയിലാണ്​.

അതേസമയം, ഇസ്രായേൽ പ്രതിരോധ മ​ന്ത്രി യോവ്​ ഗാലൻറി​െൻറ അമേരിക്കൻ പര്യടനം ഇന്നാരംഭിക്കും. കൂടുതൽ ​സൈനിക സഹായം തേടാനാണ്​ ഗാലൻറിന്റെ യു.എസ്​ പര്യടനം. റഫക്കു നേരെ കരയാക്രമണം കൂടാതെ ഹമാസിനെ അമർച്ച ചെയ്യാനുള്ള വഴികൾ നിർദേശിക്കാമെന്ന്​ യു.എസ്​ നേതൃത്വം ഇസ്രായേലിന്​ ഉറപ്പുനൽകിയിരുന്നു. ചെങ്കടലിൽ ഒരു കപ്പലിനു നേരെ ഹൂതികൾ ഇന്നലെയും ആക്രമണം നടത്തി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News