കോവിഡാനന്തര കാലത്ത് കുട്ടികളുടെ മാനസികാരോഗ്യം; ദുബൈയിൽ ചർച്ച സംഘടിപ്പിച്ചു
സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകൾക്ക് ശാസ്ത്രീയമായ പോംവഴികൾ നിർദേശിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു ചർച്ച
ദുബൈ: കോവിഡാനന്തര കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ ദുബൈയിൽ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. ലൈഫ് ലൈൻ ഹെൽത്ത് കെയറിന് കീഴിലെ സെന്റർ ഫോർ ന്യൂറോ ബിഹേവിയറൽ സയൻസസാണ് വിദഗ്ധരെ പങ്കെടുപ്പിച്ച് ചർച്ച സംഘടിപ്പിച്ചത്.
കോവിഡ് കാലം കുട്ടികളിൽ സൃഷ്ടിച്ച മാനസിക, സാമൂഹിക ആഘാതങ്ങളുടെ വിവിധ തലങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്തത്. ഇക്കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകൾക്ക് ശാസ്ത്രീയമായ പോംവഴികൾ നിർദേശിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു ചർച്ച.
ദുബൈ ഹയാത്ത് പാലസിൽ നടന്ന സമ്മേളനത്തിൽ ജെംസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗൺസലർ സൂസി ഹാഷെസ് മുഖ്യ പ്രഭാഷകയായിരുന്നു. ലൈഫ് ലൈൻ ഹെൽത്ത് കെയർ ന്യൂറോബിഹേവിയറൽ സയൻസസ് സെന്റർ മേധാവി ഡോ. ഷാജു ജോർജ്, കൗൺസലിങ് സൈക്കോളജിസ്റ്റ് റുബീന സഹൂർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജോർജ് കാളിയാടൻ, സൈക്കോളജിസ്റ്റ് ദിവ്യ വി സാലിയൻ എന്നിവർ സംസാരിച്ചു. പെരുമാറ്റ വൈകല്യങ്ങൾ, ന്യൂറോ സർജിക്കൽ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവക്ക് പ്രതിവിധി കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ലൈഫ് ലൈൻ ഹെൽത്ത് കെയറിന്റെ ന്യൂറോബിഹേവിയറൽ സയൻസസ് സെന്റർ പ്രവർത്തിക്കുന്നത്.