ദുബൈ എക്‌സ്‌പോയുടെ സമാപനം; 31ന് പുലരും വരെ വിപുലമായ ആഘോഷങ്ങള്‍

സമാപനചടങ്ങില്‍ എ.ആര്‍ റഹ്‌മാന്റെ ഫിര്‍ദൗസ് ഓര്‍ക്കസ്ട്ര യു.എ.ഇയുടെ ദേശീയ ഗാനം മുഴക്കും

Update: 2022-03-27 08:24 GMT
Advertising

ആറുമാസം നീണ്ട ദുബൈ എക്‌സ്‌പോയുടെ സമാപനചടങ്ങുകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 ന് പുലരും വരെ വര്‍ണാഭമായ സമാപനചടങ്ങ് നീണ്ട്‌നില്‍ക്കും. എക്‌സ്‌പോയുടെ ഉദ്ഘാടനം നടന്ന അല്‍ വസല്‍ പ്ലാസയില്‍ തന്നെയാണ് സമാപനത്തിന്റെയും പ്രധാനപരിപാടികള്‍ അരങ്ങേറുക.

മാര്‍ച്ച് 31ന് രാത്രി ഏഴിനാണ് അല്‍വസല്‍ പ്ലാസയില്‍തന്നെ സമാപന പരിപാടികള്‍ തുടങ്ങുക. ഉദ്ഘാടന ചടങ്ങില്‍ ഇമറാത്തി ബാലികയായി എത്തിയ അതേ ഇന്ത്യന്‍ പെണ്‍കുട്ടി തന്നെയാവും സമാപനചടങ്ങിനെയും മുന്നോട്ട് നയിക്കുക. 



 


യു.എ.ഇയുടെ സുവര്‍ണ ജൂബിലിയും അടുത്ത 50 വര്‍ഷത്തെ പദ്ധതികളും സമാപനചടങ്ങില്‍ മിന്നിത്തെളിയും. 56 രാജ്യങ്ങളിലെ 400 പ്രൊഫഷണലുകളും വൊളന്റിയര്‍മാരുമാണ് സമാപന പരിപാടി അവതരിപ്പിക്കുന്നത്. എ.ആര്‍. റഹ്‌മാന്റെ ഫിര്‍ദൗസ് ഓര്‍ക്കസ്ട്ര യു.എ.ഇയുടെ ദേശീയ ഗാനം മുഴക്കും. 



 


പ്രശസ്ത സംഗീതജ്ഞരായ ഹറൂത്ത് ഫസ്ലിയന്‍, എലെനോറ കോണ്‍സ്റ്റാന്റിനി, എന്നിവരുടെ നേതൃത്വത്തില്‍ 16 രാജ്യാന്തര സംഗീതജ്ഞര്‍ അണിനിരക്കുന്ന ഷോയും നടക്കും. എക്‌സ്‌പോയുടെ പതാക അടുത്ത സീസണിലെ സംഘാടകരായ ജപ്പാന് കൈമാറും.

പുലര്‍ച്ച മൂന്നിന് വെടിക്കെട്ടുണ്ടാകും. ആംഫി തീയറ്ററിലും ജൂബിലി പാര്‍ക്കിലും വിവിധ പരിപാടികള്‍ നടക്കും. തിരക്ക് കണക്കിലെടുത്ത് സന്ദര്‍ശകര്‍ നേരത്തേ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. ആര്‍.ടി.എ കൂടുതല്‍ ബസ് സര്‍വീസുകള്‍ സമപാനദിവസം ഏര്‍പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ദുബൈ മെട്രോയും സര്‍വീസ് നടത്തും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News