എല്ലാ മേഖലകളിലും സഹകരണം കൂടുതൽ ശക്തമാക്കും; മോദി-ശൈഖ്​ മുഹമ്മദ്​ കൂടിക്കാഴ്​ച

സാമ്പത്തികം, നിക്ഷേപം, വികസനം, പുനരുപയോഗ ഊർജം , ഭക്ഷ്യ സുരക്ഷ ഉൾപ്പെടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തും

Update: 2023-09-09 18:28 GMT
Advertising

എല്ലാ മേഖലകളിലും സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യുഎ.ഇ ധാരണ. ജി.20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. സമഗ്ര സാമ്പത്തിക കരാറിനു ചുവടെ കയറ്റിറക്കുമതി വിപുലീകരിക്കുന്നതും ചർച്ചയായി.

വിവിധ തുറകളിൽ രൂപപ്പെടുത്തിയ തന്ത്രപ്രധാന പങ്കാളിത്തം ഇരു രാജ്യങ്ങൾക്കും ഏറെ ഗുണം ചെയ്തതായി ശൈഖ് മുഹമ്മദ് ബിൻ സായിദും നരേന്ദ്ര മോദിയും വിലയിരുത്തി. സാമ്പത്തികം, നിക്ഷേപം, വികസനം, പുനരുപയോഗ ഊർജം , ഭക്ഷ്യ സുരക്ഷ ഉൾപ്പെടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തും. സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം കുറക്കൽ എന്നിവയും ചർച്ചയായി.

യു.എ.ഇ പ്രസിഡൻറ് എന്ന നിലയിൽ ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയിൽ എത്തുന്നത്. ജൂലൈയിൽ നരേന്ദ്രമോദി യു.എ.ഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയിരുന്നു. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകളിലും അന്ന് ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സമഗ്ര സാമ്പത്തിക സഹകരണ കരാർ നിലവിൽ വന്നത്. തുടർന്ന് വ്യപാര-നയതന്ത്ര ബന്ധത്തിൽ മുന്നേറ്റം കുറിക്കാൻ ഇരുരാജ്യങ്ങൾക്കുമായി. നിരവധി ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനും സാധിച്ചു എന്നതാണ് കരാറിെൻറ മെച്ചം. അഞ്ചു വർഷം കൊണ്ട് ഉഭയകക്ഷി വ്യാപാരം 6000കോടി ഡോളറിൽ നിന്ന് 10,000 കോടി ഡോളറായി വർധിപ്പിക്കാനുള്ള ലക്ഷ്യം വിജയിക്കുമെന്ന പ്രതീക്ഷയാണ് ദൽഹി കൂടിക്കാഴ്ചയിൽ മോദിയും ശൈഖ് മുഹമ്മദ് ബിൻ സായിദും പങ്കുവെച്ചത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News