യു.എ.ഇയില്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രത്യേക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍

പുതിയ നിര്‍ദേശപ്രകാരം ആഘോഷങ്ങള്‍ നടക്കുന്ന വേദികളില്‍ പ്രവേശിക്കണമെങ്കില്‍ താമസക്കാര്‍ക്ക് അവരുടെ അല്‍ഹൊസന്‍ ആപ്പുകളില്‍ ഗ്രീന്‍ പാസ് തെളിഞ്ഞിരിക്കണം

Update: 2021-12-16 07:50 GMT
Advertising

യു.എ.ഇയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നവര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പ്രത്യേക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു.

പുതിയ നിര്‍ദേശപ്രകാരം ആഘോഷങ്ങള്‍ നടക്കുന്ന വേദികളില്‍ പ്രവേശിക്കണമെങ്കില്‍ താമസക്കാര്‍ക്ക് അവരുടെ അല്‍ഹൊസന്‍ ആപ്പുകളില്‍ ഗ്രീന്‍ പാസ് തെളിഞ്ഞിരിക്കണം. കൂടാതെ, പരിപാടികള്‍ നടക്കുന്നതിന്റെ 96 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനാ നെഗറ്റീവ് ഫലം സൂക്ഷിക്കണം.

പരിപാടികള്‍ നടക്കുന്ന വേദികളുടെ ശേഷിയുടെ 80 ശതമാനം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതിയൊള്ളു. പരിപാടികളില്‍ പങ്കെടുക്കുന്നവരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും 1.5 മീറ്റര്‍ സാമൂഹിക അകലം പാലിക്കുകയും വേണം. എങ്കിലും കുടുംബാംഗങ്ങള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കാതെ തന്നെ ഒരു സ്ഥലത്ത് ഒരുമിച്ച് നില്‍ക്കുന്നതിന് തടസങ്ങളുണ്ടാവില്ല.

തിക്കും തിരക്കും കൂടിച്ചേരലുകളും ഒഴിവാക്കുന്നതിനായി സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കണം. പങ്കെടുക്കുന്നവരുടെ താപനില കൃത്യമായി പരിശോധിക്കുകയും പ്രവേശനം നിയന്ത്രിക്കുകയും വേണം. ഫെഡറല്‍ നിയമങ്ങള്‍ക്കു പുറമേ അതതു എമിറേറ്റുകളിലെ പ്രത്യേക നിയമങ്ങളും എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News