സ്‌കൂൾ ബസുകളിലെ സ്റ്റോപ്പ് ബോർഡ് സൂക്ഷിച്ചില്ലെങ്കിൽ 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളും
സ്‌കൂൾ ബസിൽനിന്ന് അഞ്ച് മീറ്റർ അകലം പാലിച്ചാണ് മറ്റു വാഹനങ്ങൾ നിർത്തേണ്ടത്
യു.എ.ഇയിലെ റോഡുകളിൽ സ്‌കൂൾ ബസുകളോടൊപ്പം വാഹനമോടിക്കുന്നവർ അൽപം സൂക്ഷിച്ചില്ലെങ്കിൽ 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളും വരെ ലഭിക്കാൻ സാധ്യതയുണ്ട്.
സ്‌കൂൾ ബസുകളിൽനിന്ന് വിദ്യാർത്ഥികൾ ഇറങ്ങുകയോ വാഹനത്തിലേക്ക് കുട്ടികളെ കയറ്റുകയോ ചെയ്യുമ്പോൾ സമീപത്തു കൂടി പോകുന്ന വാഹനങ്ങൾ ജാഗ്രതയോടൊപ്പം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
വിദ്യാർത്ഥികളെ ഇറക്കുമ്പോഴോ വാഹനത്തിലേക്ക് കയറ്റുമ്പോഴോ സ്‌കൂൾ ബസിൽ 'സ്റ്റോപ്പ്' എന്ന അടയാളം പ്രദർശിപ്പിച്ചിരിക്കണം. ഇത് കണ്ട ഉടനെ മറ്റുള്ളവർ തങ്ങളുടെ വാഹനങ്ങൾ പൂർണ്ണമായും നിർത്തിയിടണമെന്നാണ് അബൂദബി പൊലീസ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്.
'സ്റ്റോപ്പ്' എന്ന ബോർഡ് കണ്ടാൽ, സ്‌കൂൾ ബസിൽ നിന്ന് അഞ്ച് മീറ്റർ അകലം പാലിച്ചാണ് മറ്റു വാഹനങ്ങൾ നിർത്തേണ്ടത്. 'സ്റ്റോപ്പ്' അടയാളങ്ങൾ അവഗണിച്ച് വാഹനമോടിക്കുന്നവർക്കാണ് 1,000 ദിർഹം പിഴയും അവരുടെ ലൈസൻസിൽ പത്ത് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കുക.
മാത്രമല്ല, സ്‌കൂൾ ബസിൽ 'സ്റ്റോപ്പ്' ബോർഡുകൾ പ്രദർശിപ്പിക്കാതിരുന്നാൽ ബന്ധപ്പെവർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ശിക്ഷയിനത്തിൽ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
സ്‌കൂൾ കുട്ടികളെ ഇറക്കുകയോ കൂട്ടിക്കൊണ്ടുപോകുകയോ ചെയ്യുമ്പോൾ, മറ്റ് ഡ്രൈവർമാർക്ക് തടസ്സമുണ്ടാവാതിരിക്കാനായി സ്‌കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾതന്നെ രക്ഷിതാക്കളും ഉപയോഗപ്പെടുത്തണം.
വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി സ്‌കൂൾ സോണുകളിലൂടെ കടന്നുപോകുന്നവർ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും വേഗത കുറയ്ക്കണമെന്നും അബൂദബി പൊലീസ് പ്രത്യേകം ഉണർത്തിയിട്ടുണ്ട്.