റെക്കോർഡിട്ട് ദുബൈ വിമാനത്താവളം; ഈദ് ദിനത്തിൽ മാത്രം രണ്ട് ലക്ഷം യാത്രക്കാർ
ആഘോഷ സന്ദർഭങ്ങളിൽ ദുബൈയിൽ ചെലവിടാനെത്തുവരുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുകയാണ്.
ദുബൈ: ചെറിയ പെരുന്നാൾ ദിവസം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത് രണ്ടു ലക്ഷം പേർ. ദുബൈ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ആദ്യത്തിൽ പുറത്തുവന്ന എയർപോർട്ട് കൗൺസിൽ ഇൻറർനാഷണൽ റിപ്പോർട്ട് അനുസരിച്ച് തുടർച്ചയായി ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആഘോഷ സന്ദർഭങ്ങളിൽ ദുബൈയിൽ ചെലവിടാനെത്തുവരുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഓരോ വർഷവും വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം ഉയരുകയാണെന്ന് കണക്കുകൾ പുറത്തുവിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
പെരുന്നാൾ സീസണിൽ മിഡിൽ ഈസ്റ്റിലെ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനി അറിയിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം കൂടുന്നത് പരിഗണിച്ചാണ് ഏപ്രിൽ 19 മുതൽ മേയ് 31 വരെ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചത്. ഗൾഫ് രാജ്യങ്ങളിലെ ആറു നഗരങ്ങളിലേക്ക് 38 കൂടുതൽ വിമാനങ്ങളാണ് ഉൾപ്പെടുത്തിയത്.
റിയാദ്, ദമ്മാം, ജിദ്ദ, മദീന, കുവൈത്ത്, ബെയ്‌റൂത് എന്നിവിടങ്ങളിലേക്കാണ് അധിക വിമാനങ്ങൾ ഏർപ്പെടുത്തിയത്. ഇതിലൂടെ പെരുന്നാൾ സീസണിൽ 1.1 ലക്ഷത്തിലധികം യാത്രക്കാർ എമിറേറ്റ്‌സിന് മാത്രമായി ലഭിക്കുമെന്നാണ് പ്രതീക്ഷ.
കോവിഡാനന്തരം സർവീസുകൾ സജീവമായതോടെ അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണം 2022ൽ 6.6 കോടിയിലധികമായി. നടപ്പുവർഷം യാത്രക്കാരുടെ എണ്ണം 7.8 കോടിയായി വർധിക്കുമെന്നാണ് പ്രതീക്ഷ.