ദുബൈ വിമാനത്താവളം റൺവേ അറ്റകുറ്റപണി; കേരളത്തിലേക്കുള്ള സർവീസുകളെ ബാധിച്ചേക്കും
ഈ മാസം ഒമ്പത് മുതൽ ജൂൺ 22 വരെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം റൺവേ അറ്റകുറ്റപണിക്കായി അടക്കുന്നത്
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം റൺവേയുടെ അറ്റകുറ്റപണി ഫ്‌ലൈ ദുബൈയുടെ കൊച്ചി, കോഴിക്കോട് സർവീസുകളെയും ബാധിക്കുമെന്ന് വിമാനകമ്പനി അറിയിച്ചു. ഫ്‌ലൈ ദുബൈയുടെ നിരവധി സർവീസുകൾ ജബൽഅലിയിലെ മക്തും വിമാനത്താവളത്തിലേക്ക് മാറുമെന്നും കമ്പനി വ്യക്തമാക്കി. ഈ മാസം ഒമ്പത് മുതൽ ജൂൺ 22 വരെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം റൺവേ അറ്റകുറ്റപണിക്കായി അടക്കുന്നത്.
നിരവധി വിമാനങ്ങൾ ജബൽഅലിയിലെ മക്തൂം വിമാനത്താവളത്തിലേക്കും മറ്റുചിലത് ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ രണ്ടിൽ നിന്നും ടെർമിനൽ മൂന്നിൽ നിന്നും സർവീസ് നടത്തും. ഡി.ഡബ്ല്യു.സി എന്ന അയാട്ട കോഡുള്ള ജബൽഅലിയിൽ നിന്ന് ഫ്‌ലൈ ദുബൈ സർവീസ് നടത്താൻ സാധ്യതയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ കൊച്ചിയും കോഴിക്കോടുമുണ്ട്. അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവയാണ് മറ്റ് ഇന്ത്യൻ നഗരങ്ങൾ.
അടുത്തദിവസങ്ങളിൽ ഫ്‌ലൈ ദുബൈയിൽ യാത്ര ചെയ്യുന്നവർ പുറപ്പെടുന്ന വിമാനത്താവളവും, ടെർമിനലും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഫ്‌ലൈ ദുബൈ അറിയിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ കേരള സെക്ടറിലെ സർവീസിലും മാറ്റമുണ്ടാകുമെന്ന് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു.