ദുബൈയിൽ ബസ് സ്റ്റേഷൻ, ഡിപ്പോ നവീകരണത്തിന് കരാറായി
പൊതുഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച മൂന്നു വർഷ പദ്ധതിക്ക് കീഴിലാണ് പുതിയ പ്രവർത്തനങ്ങൾ.
ദുബൈ: പൊതുഗതാഗത സൗകര്യങ്ങൾ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈയിൽ 16 ബസ് സ്റ്റേഷനുകളും ആറ് ഡിപോകളും വികസിപ്പിക്കുന്നതിന് കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി. പൊതുഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച മൂന്നു വർഷ പദ്ധതിക്ക് കീഴിലാണ് പുതിയ പ്രവർത്തനങ്ങൾ.
16 ബസ് സ്റ്റേഷനുകളിൽ ഒമ്പതെണ്ണം ദേരയിലും ഏഴു സ്റ്റേഷനുകൾ ബർ ദുബൈയിലുമാണ്. മാൾ ഓഫ് എമിറേറ്റ്സ്, സബ്ക, ജബൽ അലി, അൽഖൂസ്, ഇബ്ൻ ബത്തൂത്ത, ഹത്ത, ഗോൾഡ് സൂക്ക്, അൽ ഖിസൈസ്, ദേര സിറ്റി സെന്റർ, അൽ ഖുബൈബ, യൂനിയൻ, അൽ സത്വ, അൽ റാശിദിയ, അബൂ ഹെയ്ൽ, ഇത്തിസലാത്ത്, കറാമ എന്നിവിടങ്ങളിലുള്ള സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത ചില ടെർമിനുകൾ പുതുക്കിപ്പണിയുകയും ഇവിടങ്ങളിൽ പ്രാർഥന മുറികൾ കൂട്ടിച്ചേർക്കുകയും ചെയ്യും.
അൽ ഖവാനീജ്, അൽ ഖിസൈസ്, അൽ റുവയ്യാ, അൽ അവീർ, ജബൽ അലി, അൽ ഖൂസ് എന്നിവിടങ്ങളിലാണ് ആറ് ബസ് ഡിപോകളുടെ നവീകരണം. പരിശോധന പാതകളുടെ നവീകരണം, എഞ്ചിൻ വാഷ് ലെയ്നുകളുടെ നിർമാണം, ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തൽ, ഫ്ലോർ അറ്റുകറ്റപ്പണികൾ, പുതിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ, പൊതു സൗകര്യങ്ങൾ പുനഃസ്ഥാപിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
ഇതു കൂടാതെ ജബൽ അലി, അൽ ഖൂസ് ഡിപോകളിൽ ഡ്രൈവർമാർക്കായി താമസ കെട്ടിടം നിർമിക്കുകയും ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുകയും ചെയ്യും. കാൽനടക്കാർക്കായി പ്രത്യേക പാതകളും ഇവിടെ നിർമിക്കും.