ദുബൈ എക്സ്പോയിൽ പ്രതീക്ഷയർപ്പിച്ച് വിപണി; ബിസിനസ് മേഖല മെച്ചപ്പെടുമെന്ന് സർവേ
ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ ദുബൈയിൽ ബിസിനസ് മേഖല കൂടുതൽ കരുത്താർജിക്കുമെന്നാണ് ഏറ്റവും പുതിയ സർവേ റിപ്പോർട്ട്
ഒക്ടോബറിൽ ആരംഭിക്കുന്ന ദുബൈ എക്സ്പോയിൽ പ്രതീക്ഷയർപ്പിച്ച് ബിസിനസ് ലോകം. ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ ദുബൈയിൽ ബിസിനസ് മേഖല കൂടുതൽ കരുത്താർജിക്കുമെന്നാണ് ഏറ്റവും പുതിയ സർവേ റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യാത്രാവിലക്ക് നീക്കുന്നതോടെ വൻതോതിൽ സന്ദർശകർ എത്തിച്ചേരുമെന്ന പ്രതീക്ഷയും ശക്തമാണ്.
ദുബൈ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് സർവേ നടത്തിയത്. ഇതിൽ പെങ്കടുത്ത മൂന്നിൽ രണ്ട് സംരംഭകരും വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. രണ്ടാം പാദത്തിൽ സർവേ നടത്തിയപ്പോൾ 48 ശതമാനം മാത്രമാണ് ആത്മവിശ്വാസത്തിന്റെ തോത്. എന്നാൽ, എക്സ്പോയോട് അടുക്കുന്ന മൂന്നാം പാദത്തിൽ സർവേയുടെ ഭാഗമായ 66 ശതമാനം പേരും പ്രതീക്ഷയിലാണ്.
2014ന് ശേഷം ആദ്യമായാണ് ബിസിനസ് രംഗത്തുള്ളവർ ഇത്രയേറെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. എക്സ്പോയിലൂടെ ലഭിക്കുന്ന പ്രതീക്ഷ ഏറെ വലുതായിരിക്കുമെന്ന് ദുബൈ ചേംബർ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ ഹമദ് ബുവാമിം പറഞ്ഞു.
കോവിഡ് വാക്സിനേഷൻ രംഗത്തെ മുന്നേറ്റമാണ് യു.എ.ഇയുടെ ഏറ്റവും വലിയ കൈമുതൽ. വൈകുന്ന പേയ്മന്റുകൾ, വിലക്കിഴിവിന്റെ മത്സരങ്ങൾ, അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില എന്നിവ ബിസിനസുകാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അധികം വൈകാതെ ഈ സാഹചര്യം മറികടക്കാൻ കഴിയും എന്നുതന്നെയാണ് പൊതു വിലയിരുത്തൽ.