ദുബൈ ഗ്ലോബൽ വില്ലേജ് സീസണ് നാളെ തുടക്കം: ആഗോളഗ്രാമത്തിൽ ഇക്കുറി 27 പവലിയൻ,3500 ഷോപ്പിങ് കേന്ദ്രങ്ങൾ
മറ്റന്നാൾ വൈകുന്നേരം നാല് മുതൽ പൊതുജനങ്ങൾക്ക് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം
ദുബൈ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണ് നാളെ തുടക്കമാകും. ആഗോളഗ്രാമത്തിന്റെ 27 മത് സീസണാണ് നാളെ വാതിൽ തുറക്കുന്നത്. മറ്റന്നാൾ വൈകുന്നേരം നാല് മുതൽ പൊതുജനങ്ങൾക്ക് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കും.
ഇരുപത്തിയേഴാം സീസണിൽ 27 പവലിയനുകളിൽ 3,500 ഷോപ്പിങ് കേന്ദ്രങ്ങളുമായാണ് ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ വരവേൽക്കുന്നത്. ദിവസവും 200 ലേറെ കലാപരിപാടികൾ അരങ്ങേറും. ഖത്തർ, ഒമാൻ എന്നിവയുടെ പുതിയ പവലിയനുകൾ ഇക്കുറി ആഗോളഗ്രാമത്തിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഗ്ലോബൽ വില്ലേജിന് മുകളിലേക്ക് പറന്നുയർന്ന് കാഴ്ചകൾ കാണാവുന്ന ഹീലിയം ബലൂൺ റൈഡ്, ന്യൂയോർക്ക്, ക്യൂബ, ജപ്പാൻ, തായ്ലന്റ്, മെക്സിക്കോ, ലെബനോൻ എന്നിവിടങ്ങളിലെ ടാക്സികളിൽ വണ്ടർ റൈഡ് എന്നിവ ഇത്തവണത്തെ പ്രത്യേകതളാണ്.
പുതിയ സീസണിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ബുധനാഴ്ച വൈകുന്നേരം നാല് മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ഞായർ മുതൽ വ്യാഴം രാത്രി 12 വരെയും വെള്ളി, ശനി, അവധി ദിനങ്ങളിലും രാത്രി ഒന്ന് വരെയും ഗ്ലോബൽ വില്ലേജിലേക്ക് സഞ്ചാരികൾക്ക് എത്താം. ചൊവ്വാഴ്ച വനിതകൾക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം. 18 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വാല്യൂ ടിക്കറ്റ് എന്ന പേരിൽ ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജിലെത്താൻ പ്രത്യേക ടിക്കറ്റുണ്ടാകും. ഏത് ദിവസവും പ്രവേശിക്കാൻ എനി ഡേ ടിക്കറ്റുമുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവ വഴി ടിക്കറ്റെടുക്കുന്നവർക്ക് പത്ത് ശതമാനം കിഴിവ് നൽകും.