വീട്ടുജോലിക്കാരുടെ വിസാ നടപടികൾ എളുപ്പമാക്കി ദുബൈ
ദുബൈ നൗ സ്മാർട്ട് ആപ്പ് വഴി ഇനി മുതൽ ജോലിക്കാരുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം
ദുബൈ: ദുബൈയിൽ വീട്ടുജോലിക്കാരുടെ വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കി അധികൃതർ. ദുബൈ നൗ സ്മാർട്ട് ആപ്പ് വഴി ഇനി മുതൽ ജോലിക്കാരുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം.
വീട്ടുജോലിക്കാരുടെ വിസാ അപേക്ഷ, വിസാ പുതുക്കൽ, റസിഡൻസ് അനുമതി റദ്ദാക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി ദുബൈ നൗ സ്മാർട്ട് ആപ് വഴി ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ പരിശോധനയും ഡിജിറ്റൽ ഐഡന്റിറ്റി നടപടിക്രമങ്ങളുടെ പൂർത്തീകരണവും ആപ്പു വഴി നടത്താനാകും.
നേരത്തെ നാലു ചാനലുകൾ വഴി നടത്തേണ്ട നടപടിക്രമങ്ങൾ ദുബൈ നൗ ആപ്പിൽ ഏകീകരിച്ചിട്ടുണ്ട്. വിസയുമായി ബന്ധപ്പെട്ട 12 നടപടിക്രമങ്ങൾ നാലായി ചുരുങ്ങിയതായും അധികൃതർ അറിയിച്ചു. നേരത്തെ 30 ദിവസമായിരുന്നു പ്രോസസിങ് സമയം. ഇത് അഞ്ചു ദിവസമായി ചുരുങ്ങി. ആവശ്യമായ രേഖകൾ പത്തിൽ നിന്ന് നാലായും കുറച്ചിട്ടുണ്ട്.
ദുബൈ നൗ ആപ്പിലെ യൂണിഫൈഡ് സർവീസ് പാക്കേജ് ഫോം പൂരിപ്പിച്ചാൽ വീട്ടുജോലിക്കാരുടെ സേവനത്തിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശനം ലഭിക്കും. പാസ്‌പോർട്ട് അടക്കമുള്ള മറ്റു വിവരങ്ങളും ലഭിക്കും. ആപ്പിൽ തന്നെ തൊഴിൽ കരാർ ഒപ്പുവയ്ക്കാനാകുമെന്നും അധികൃതർ അറിയിച്ചു.