വിവാഹമോചിതർക്ക് മക്കളെ കൊണ്ടുപോകാം; നടപടികൾ എളുപ്പമാക്കി ദുബൈ കോടതി
വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാൻ കോടതി സൗകര്യം ഏർപ്പെടുത്തി
Update: 2024-06-15 19:33 GMT
ദുബൈ: ദുബൈയിൽ വിവാഹമോചിതർക്ക് മക്കളുമായി വിദേശത്തേക്ക് പോകാൻ യാത്രാവിലക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കി. ഇതിനായി ദുബൈ കോടതിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാനും കോടതി സൗകര്യം ഏർപ്പെടുത്തി. വിവാഹമോചനം നേടിയ ദമ്പതികളിൽ ഒരാൾക്ക് മക്കളുമായി വിദേശത്തേക്ക് പോകുന്നതിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനുള്ള നടപടികളാണ് ദുബൈ കോടതി എളുപ്പമാക്കിയത്.
നേരത്തേ കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം അക്കാര്യം സി.ഐ.ഡി വിഭാഗത്തെ അറിയിച്ചതിന് ശേഷമാണ് താൽകാലികമായി യാത്രാവിലക്ക് ഒഴിവാക്കിയിരുന്നത്. ഇനി മുതൽ ജഡ്ജിയുടെ അനുമതി ലഭിച്ചാൽ ഉടൻ യാത്രാവിലക്ക് ഒഴിവാക്കാനുള്ള നടപടി സാധ്യമാകുമെന്ന് ദുബൈ കോടതി അറിയിച്ചു. ദുബൈ കോടതിയുടെ വെബ്‌സൈറ്റ് വഴി ഇതിന് അപേക്ഷ നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.