പുതുവൽസരാഘോഷത്തിനൊരുങ്ങി ദുബൈ: വിവിധ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
മെട്രോ 43 മണിക്കൂർ തുടർച്ചയായി ഓടും
ദുബൈ: പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി ദുബൈ നഗരത്തിൽ നടപ്പിലാക്കുന്ന വിവിധ ഗതാഗാത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യം വെച്ചാണിത്. ദുബൈ പൊലീസുമായി സഹകരിച്ചാണ് റോഡ് ഗതാഗത അതോറിറ്റി നടപടികൾ തീരുമാനിച്ചത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മെട്രോയുടെ ഗ്രീൻ, റെഡ് ലൈനുകളിലെ സർവീസ് ജനുവരി രണ്ടിന് അർധരാത്രി വരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ ദുബൈ ട്രാമും സർവീസ് നടത്തും. ആഘോഷ സ്ഥലങ്ങളിലേക്ക് എല്ലാ സന്ദർശകരുടേയും സുഗമമായ യാത്ര ഉറപ്പാക്കാൻ എല്ലാ സാങ്കേതിക സഞ്ചാരങ്ങളും വിന്യസിക്കുമെന്ന് അധികൃതർ പറഞ്ഞു. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള മുഴുവൻ പാർക്കിങ് സ്ഥലങ്ങളിലും ഞായറാഴ്ച സൗജന്യമായിരിക്കും. ബസ് സർവീസുകൾ രാവിലെ 6 മുതൽ പുലർച്ചെ ഒന്നുവരെയായിരിക്കും.
തിരക്ക് കുറക്കുന്നത് പരിഗണിച്ച് ദുബൈയിൽ 32 സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെടിക്കെട്ടുകൾക്ക് പുറമെ കുടുംബങ്ങൾക്കും കുട്ടികൾക്കും അടക്കം ആസ്വദിക്കാനായി നിരവധി സംഗീത പരിപാടികളും ഡ്രോൺ ഷോകളും ഒരുക്കിയിട്ടുണ്ട്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള പരിപാടികൾ കൂടി ചേരുമ്പോൾ മുൻവർഷങ്ങളേക്കാൾ വിപുലമായ സൗകര്യങ്ങളാണ് പുതുവൽസരാഘോഷത്തിനായി ഇത്തവണ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ വിസ്മയിപ്പിക്കുന്ന കാഴ്ചയാകും അരങ്ങേറുക. ദുബൈ ഫ്രെയിം, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജെ.ബി.ആർ, ബുർജ് അൽ അറബ് എന്നിവയുൾപ്പെടെ മറ്റ് പ്രധാന ലാൻഡ്‌മാർക്കുകളിലും ആഘോഷപരിപാടികൾ നടക്കും.