ദുബൈയിലെ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റ് ഇനി പെഡസ്ട്രീയൻ ടൂറിസ്റ്റ് പാസ്
ചരിത്രമേഖല നടന്നുകാണാൻ സൗകര്യം
ദുബൈ: ദുബൈ നഗരത്തിന്റെ ചരിത്രം പറയുന്ന ദേരയിലെ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റ് വിനോദസഞ്ചാരികൾക്ക് കാഴ്ചകൾ നടന്ന് കാണാവുന്ന പെഡ്സട്രിയൻ ടൂറിസ്റ്റ് പാസായി വികസിപ്പിച്ചു. ദുബൈ നഗരസഭയാണ് പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റിന്റെ വികസന പദ്ധതി പൂർത്തിയായെന്ന വിവരം പ്രഖ്യാപിച്ചത്.
അൽ റാസ് പ്രദേശം മുതൽ ഗോൾഡ് സൂഖ് വരെ നീണ്ടുനിൽക്കുന്ന ഓൾ മുനിസിപ്പാലിറ്റി സ്ട്രീറ്റ് ദുബൈ നഗരത്തിന്റെ പൈതൃകത്തെ അടുത്തറിയാൻ സഹായിക്കുന്ന വിധമാണ് നവീകരിച്ചത്. സ്വർണ വിപണിയായ ഗോൾഡ് സൂഖ്, ഈത്തപ്പഴ വൈവിധ്യങ്ങളുടെ കേന്ദ്രമായ ഡേറ്റ്സ് സൂഖ്, സുഗന്ധങ്ങളുടെ തെരുവായ പെർഫ്യൂം സൂഖ്, അൽ റാസ് സൂഖ്, സ്പൈസസ് സൂഖ് എന്നിവ ഈ മേഖലയിലാണ്. പുതുതായി കാൽനടക്ക് സജ്ജമാക്കിയ തെരുവിൽ വാഹനങ്ങൾക്ക് പ്രവേശനം നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പഴയ ബലദിയ സ്ട്രീറ്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാതകൾ വികസിപ്പിക്കുകയും പുതിയ കവാടം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം പുതിയ വിളക്കുകൾ സ്ഥാപിച്ച് രാത്രികാലങ്ങളിലെ കാഴ്ചയെ മനോഹരമാക്കിയിട്ടുമുണ്ട്. ദുബൈയുടെ പഴകാലത്തെ അനുസ്മരിപ്പിക്കുന്ന നിരവധി കാഴ്ചകളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനും മറ്റുമായി തെരുവിൽ ഇരിപ്പിടങ്ങളും പരമ്പരാഗത രീതിയിലുള്ള കുടകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.