കുടുംബത്തെ കാണാന്‍ പത്തുവര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ എയര്‍പോര്‍ട്ടിന്റെ ട്രാന്‍സിറ്റ് ഏരിയയില്‍ അവസരമൊരുക്കി ദുബൈ പോലീസ്
മാനുഷിക സ്‌നേഹത്തിനും ബന്ധങ്ങള്‍ക്കും പിന്തുണയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് എല്ലായ്പ്പോഴും മുന്നിലുണ്ടാവുമെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ പറഞ്ഞു
ദുബൈ: പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ കുടുംബം ഇന്നലെ കണ്ണു നിറയെ പരസ്പരം കണ്ടും സ്‌നേഹം പങ്കുവച്ചും പിരിഞ്ഞു. ദുബൈ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡി.എക്‌സ്.ബി) ടെര്‍മിനല്‍ രണ്ടിലെ ട്രാന്‍സിറ്റ് ഏരിയയിലായിരുന്നു ഈ അപൂര്‍വ സംഗമവേദി. ദുബൈ പൊലിസിന്റെ മനുഷ്യത്തം നിറഞ്ഞ ഇടപെടലിലൂടെയാണ് ഒരുകുടുംബം സന്തോഷത്തിന്റെ കണ്ണുനീര്‍ പൊഴിച്ചത്.
പത്തുവര്‍ഷമായി തന്റെ കുടുംബത്തെ വിട്ടുനല്‍ക്കുന്ന ഒരു ഏഷ്യക്കാരന്‍ പ്രവാസിക്കാണ് ദുബായ് പോലീസ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വലിയ ആഗ്രഹം നിറവേറ്റിക്കൊടുത്തത്.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി ട്രാന്‍സിറ്റ് (താല്‍ക്കാലിക സ്‌റ്റോപ്പ്) യാത്ര നടത്തുന്ന ഭാര്യയേയും മക്കളേയും കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് ഇയാല്‍ ദുബായ് പോലീസിനോട് അഭ്യര്‍ത്ഥിച്ചതെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ മേജര്‍ ജനറല്‍ അലി അതീഖ് ബിന്‍ ലഹേജ് പറഞ്ഞു.
ചില വ്യക്തിപരമായ സാഹചര്യങ്ങള്‍ കാരണം പത്ത് വര്‍ഷമായി താന്‍ കുടുംബത്തോടൊപ്പമുണ്ടായിരുന്നില്ലെന്നും അവരെ കാണാന്‍ ദുബായ് പോലീസ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.
അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ടിന്റെ ട്രാന്‍സിറ്റ് ഏരിയയില്‍ കുടുംബ സംഗമം സാധ്യമാക്കുന്നതിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും കൈകൊള്ളുകയുമായിരുന്നെന്ന് ബിന്‍ ലാഹെജ് പറഞ്ഞു.
മാനുഷിക സ്‌നേഹത്തിനും ബന്ധങ്ങള്‍ക്കും പിന്തുണയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് എല്ലായ്പ്പോഴും മുന്നിലുണ്ടാവുമെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ കൂട്ടിച്ചേര്‍ത്തു.
നീണ്ട കാത്തിരിപ്പിനൊടുവില്‍ തന്റെ കുടുംബത്തെ കണ്‍നിറയെ കാണാന്‍ അവസരമൊരുക്കിയതിന് ദുബായ് പോലീസിനോടുള്ള നന്ദിയും സന്തോഷവും പ്രകടിപ്പിച്ച്, നിങ്ങള്‍ എന്നെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള പിതാവാക്കി എന്നാണ് അദ്ദേഹം പ്രതികരിച്ചത്.