ജര്‍മ്മന്‍ പൗരന്റെ നഷ്ടപ്പെട്ട 33,600 യൂറോ കണ്ടെത്തി നല്‍കി ദുബൈ പൊലിസ്
ദുബൈ ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നാണെന്നും ഇത്രയും പണമടങ്ങിയ ഭാഗ് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
ദുബൈ: ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള ട്രാന്‍സിറ്റ് യാത്രയ്ക്കിടെ തന്റെ നഷ്ടപ്പെട്ട വലിയ തുകയടങ്ങിയ ഭാഗ് കണ്ടെത്തി തിരികെ നല്‍കിയ ദുബൈ പൊലിസിന്റെ പ്രവര്‍ത്തിയില്‍ സന്തോഷമടക്കാനാവാതെ ജര്‍മ്മന്‍ പൗരന്‍ സീഗ്ഫ്രൈഡ് ടെല്‍ബാച്ച്. 33,600 യൂറോ (ദിര്‍ഹം140,000) അടങ്ങിയ ഭാഗാണ് ദുബൈപൊലിസിന്റെ കരുതലില്‍ തിരികെ ലഭിച്ചിരിക്കുന്നത്. ആ ഭാഗ് എപ്പോള്‍, എവിടെയാണ് നഷ്ടപ്പെട്ടതെന്ന് അതിന്റെ ഉടമയായ തനിക്ക് പോലും അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ടെല്‍ബാച്ച് ജര്‍മ്മനിയില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി തായ്ലന്‍ഡിലേക്കുള്ള വിനോദ യാത്രയ്ക്കിടെയാണ് പണമടങ്ങിയ ഭാഗ് നഷ്ടപ്പെട്ടതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ആക്റ്റിങ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഹമൂദ ബെല്‍സുവൈദ അല്‍ അമേരി പറഞ്ഞു.
തായ്ലന്‍ഡിലെ ഹോട്ടലില്‍ എത്തിയ ശേഷമാണ് ഏകദേശം 33,600 യൂറോ അടങ്ങിയ തന്റെ ബാഗ് നഷ്ടപ്പെട്ടുവെന്ന് ടെല്‍ബാക്ക് തിരിച്ചറിഞ്ഞത്.ഡസല്‍ഡോര്‍ഫ്, ദുബൈ, തായ്ലന്‍ഡ് എന്നീ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴിയും യാത്ര ചെയ്തതിനാല്‍ ബാഗ് എപ്പോള്‍ എവിടെയാണ് നഷ്ടപ്പെട്ടതെന്ന് ടെല്‍ബാച്ചിന് ഓര്‍മിക്കാന്‍ പോലും സാധിച്ചിരുന്നില്ല.
എന്നാല്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് മടങ്ങിയ വിമാനത്തില്‍, ലോസ്റ്റ് & ഫൗണ്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സമീപിച്ച് ബാഗിന്റെ ഉടമയാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
തന്റെ ബാഗ് കണ്ടെത്തി തിരികെ നല്‍കിയതിന് ദുബൈ പോലീസിനും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും ടെല്‍ബാച്ച് നന്ദി പറഞ്ഞു. ദുബൈ ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നാണെന്നും ഇത്രയും പണമടങ്ങിയ ഭാഗ് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പണത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞയുടന്‍ ജീവനക്കാര്‍ എമിറേറ്റ്‌സ് എയര്‍ലൈനിലെ സഹപ്രവര്‍ത്തകരെ ബന്ധപ്പെട്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗം മേധാവി മേജര്‍ മുഹമ്മദ് ഖലീഫ അല്‍ കാംദ വിശദീകരിച്ചു. യാത്രക്കാരുടെയും അവരുടെ സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് സാങ്കേതികവിദ്യകളാണ് ദുബൈ പോലീസ് ഉപയോഗിക്കുന്നതെന്ന് ബ്രിഗേഡിയര്‍ അല്‍ അമേരി ചൂണ്ടിക്കാട്ടി.