വാഹനങ്ങൾ നിയമവിരുദ്ധമായി മോടി കൂട്ടുന്നവർക്കെതിരെ നിയമനടപടിയുമായി ദുബൈ പൊലീസ്
കഴിഞ്ഞ ഒന്നര വർഷത്തിനിടെ മോടികൂട്ടി ട്രാഫിക് നിയമലംഘനം നടത്തിയ 2105 വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്.
വാഹനങ്ങൾ നിയമവിരുദ്ധമായി മോടി കൂട്ടുന്നവർക്കെതിരെ നിയമനടപടിയുമായി ദുബൈ പൊലിസ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മോടികൂട്ടി ട്രാഫിക് നിയമലംഘനം നടത്തിയ 2105 വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. നിയമം ലംഘിച്ചാൽ ആയിരം ദിർഹം പിഴയും 12ബ്ലാക് പോയിൻറുകളുമാണ് ശിക്ഷ.
അനധികൃതമായി എഞ്ചിനുകൾ പരിഷ്കരിക്കുക, ജനങ്ങളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുക എന്നിവയുടെ പേരിലാണ് നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ദുബൈ പൊലിസിലെ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം പറഞ്ഞു. ബർദുബൈ മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ പിടികൂടിയത്. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതും പ്രധാനമാണെന്ന് പൊലിസ് വ്യക്തമാക്കി.
പൊതുജനങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനും കൂടിയാണ് നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് അബ്ദുല്ല ഖാദിം വ്യക്തമാക്കി. എഞ്ചിൻ അല്ലെങ്കിൽ വാഹനങ്ങളുടെ അടിസ്ഥാനപരമായ ഘടന അനുവാദമില്ലാതെ മാറ്റരുത്. റോഡ് ഉപയോഗിക്കുന്നവരുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കണമെന്ന് ദുബൈ പോലീസ് നിർദേശിച്ചു.