ഫ്ലോക്ക് ഡ്യൂയോ റെയിലും സോളാർ റെയിൽ ബസും; നൂതന ഗതാഗത സംവിധാനങ്ങളുമായി ദുബൈ
ആർ.ടി.എ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ദുബൈ നഗരത്തിൽ രണ്ട് നൂതന ഗതാഗത സംവിധാനങ്ങൾ കൂടി വരുന്നു. ഫ്ലോക്ക് ഡ്യൂയോ റെയിലും സോളാർ റെയിൽ ബസുമാണ് ദുബൈ വികസിപ്പിക്കാനൊരുങ്ങുന്നത്. ഇതിനായി രണ്ട് കമ്പനികളുമായി ദുബൈ ആർ.ടി.എ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സോളാർ പാനൽ പതിച്ച പാലത്തിലൂടെ സൗരോർജം ഉപയോഗിച്ച് യാത്രക്കാരെ കൊണ്ടുപോകുന്ന യാത്രാസംവിധാനമാണ് സോളാർ റെയിൽ ബസ്. മുകളിലും താഴെയുമുള്ള ട്രാക്കിലൂടെ നഗരത്തിന് ചുറ്റും നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന പോഡ് സംവിധാനാണ് ഫ്ലോക്ക് ഡ്യൂയോ ട്രാക്ക് റെയിൽ.
ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിലാണ് അതിനൂതനമായ ഈ യാത്രാ സംവിധാനങ്ങൾ വികസിപ്പിക്കാൻ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ധാരണാപത്രങ്ങൾ ഒപ്പിട്ടത്. യു.കെയിലെ അർബൻ മാസ് കമ്പനിയാണ് ഫ്ലോക്ക് ഡ്യൂയോ റെയിൽ സംവിധാനം വികസിപ്പിക്കുക.
അമേരിക്കൻ കമ്പനിയായ റെയിൽ ബസ് ഇൻകോർപറേഷനാണ് സോളാർ റെയിൽ ബസ് വികസിപ്പിക്കാനുള്ള ചുമതല. കാർബൺ വികിരണമില്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ കണ്ടെത്താനുള്ള ലക്ഷ്യവുമായിട്ടാണ് നൂതന പദ്ധതിക്ക് രൂപം നൽകുന്നത്.