ദുബൈയിലെ സ്മാർട് ട്രാഫിക് സംവിധാനം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു
2026ഓടെ ദുബൈയിലെ പ്രധാന റോഡുകളെല്ലാം 100 ശതമാനം സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരും.
ദുബൈ: ദുബൈയിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റി രൂപപ്പെടുത്തിയ സ്മാർട് ട്രാഫിക് സംവിധാനം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു. 2026ഓടെ ദുബൈയിലെ പ്രധാന റോഡുകളെല്ലാം 100 ശതമാനം സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരും. ഇൻറലിജൻറ് ട്രാഫിക് സിസ്റ്റംസ് വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ രൂപകൽപനയും പഠനവും ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി.
ഒന്നാം ഘട്ടത്തിൽ ദുബൈ എമിറേറ്റിലെ പ്രധാനപ്പെട്ട റോഡുകളിലെ 60 ശതമാനം ഭാഗങ്ങളിലും പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതുവഴി നിലവിൽ 480കി.മീറ്റർ റോഡ് ശൃംഖല സംവിധാനത്തിന് ചുവടെ വന്നിട്ടുണ്ട്. രണ്ടാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ 710കി.മീറ്റർ പരിധിയിൽ പദ്ധതി നടപ്പിലാകും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 116 നിരീഷണ കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിനുപുറമെ അപകടങ്ങൾ നിരീക്ഷിക്കാനും വാഹനങ്ങളുടെ എണ്ണമെടുക്കാനുമുള്ള 100 ഉപകരണങ്ങളും സ്ഥാപിച്ചു. ഇതോടെ ആകെ സംവിധാനത്തിന് കീഴിൽ വരുന്ന കാമറകളുടെ എണ്ണം 311ഉം നിരീക്ഷണ ഉപകരണങ്ങളുടെ എണ്ണം 227 ഉം ആയി. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ 112 വേരിയബിൾ മെസേജ് സൈനുകൾ സ്ഥാപിച്ച് റോഡിൻറെ അവസ്ഥയെക്കുറിച്ച തത്സമയ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. യാത്രാ സമയവും വേഗതയും അളക്കുന്നതിനുള്ള 115 ഉപകരണങ്ങളും സ്ഥാപിച്ചു. 17 കാലാവസ്ഥാ സെൻസർ സ്റ്റേഷനുകളും 660 കി.മീറ്റർ വൈദ്യുത ലൈനുകളും 820 കി.മീറ്റർ നീളമുള്ള ഫൈബർ ഒപ്റ്റിക് ശൃംഖലയും ഈ ഘട്ടത്തിൽ നിർമിച്ചതായും ആർ.ടി.എ വെളിപ്പെടുത്തി.