കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ യു.എ.ഇയിൽ മൂടൽമഞ്ഞിന് സാധ്യത
പ്രധാന ഹൈവേകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ യു.എ.ഇയിലുടനീളം മൂടൽമഞ്ഞിന് സാധ്യത. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ അതീവജാഗ്രത പുലർത്തണമെന്ന് അബൂദബി, ദുബൈ പൊലിസ് അധികൃതർ മുന്നറിയിപ്പ്നൽകി. അപകടങ്ങൾ ഒഴിവാക്കാൻ പ്രധാന റോഡുകളിൽ പട്രോളിങും ഏർപ്പെടുത്തി.
പുലർകാലത്തും മറ്റും രൂപപ്പെടുന്ന മൂടൽമഞ്ഞ് മുൻകാലങ്ങളിൽ നിരവധി വാഹനാപകടങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കാഴ്ചാപരിധി നന്നെ കുറയുന്ന സാഹചര്യമാണ് പ്രധാന ഹൈവേകളിലും മറ്റുമുള്ളത്. രാത്രിയിലും മൂടൽ മഞ്ഞ് ശക്തമായിരിക്കും. ഇലക്ട്രോണിക് ബോർഡുകളിലെ അറിയിപ്പുകൾ ശ്രദ്ധിച്ചു വേണം വാഹനം ഓടിക്കാനെന്നും പൊലിസ് അറിയിച്ചു.
മൂടൽമഞ്ഞ് രൂപപ്പെടുന്ന സമയത്ത് ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അബൂദബി പൊലിസ് മാർഗനിർദേശം പുറപ്പെടുവിച്ചു. വീഡിയോ സന്ദേശമായാണ് അധികൃതർ ഇക്കാര്യം പുറത്തുവിട്ടത്. ഫോഗ് ലൈറ്റുകൾ ഓൺ ചെയ്യുക, വാഹനങ്ങൾ തമ്മിലെ അകലം കൂട്ടുക, വേഗത കുറക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
മറ്റു വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി വേണം ഓവർടേക്ക് ചെയ്യാനും ലൈൻ മാറാനും. അത്യാവശ്യഘട്ടങ്ങളിൽ ഹസാഡ് ലൈറ്റുകൾ പ്രയോജനപ്പെടുത്തണമെന്നും വിഡിയോയിൽ പൊലിസ് നിർദേശിച്ചു. .മുന്നറീപ്പ് സിഗ്നലുകൾ മുൻകൂട്ടി കൃത്യമായി നൽകാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും അബൂദബി ട്രാഫിക് വിഭാഗം ഓർമ്മിപ്പിക്കുന്നു.