യു.എ.ഇ പൊതുമാപ്പ്: ഹെൽപ് ഡെസ്‌കുമായി ഇ.സി.എച്ച് ഡിജിറ്റൽ
എല്ലാ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സേവനം നൽകുന്നതിന് വിവിധ ഭാഷകൾ സംസാരിക്കുന്ന ഇരുപതോളം ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി
ദുബൈ: ഞായറാഴ്ച യു.എ.ഇയിൽ ആരംഭിക്കുന്ന പൊതുമാപ്പിന് മുന്നോടിയായി പ്രവാസികൾക്ക് സഹായഹസ്തവുമായി ദുബൈയിലെ മുൻനിര ഗവൺമെന്റ് സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ. സ്ഥാപനത്തിന് ചുവടെ വിപുലമായ ഒരുക്കം നടത്തിയതായി ഇഖ്ബാൽ മാർക്കോണി അറിയിച്ചു. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സേവനം നൽകുന്നതിന് വിവിധ ഭാഷകൾ സംസാരിക്കുന്ന ഇരുപതോളം ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയതായും അദ്ദേഹം അറിയിച്ചു.
ഇരുപതോളം രാജ്യങ്ങളിലെ മുപ്പതോളം ഭാഷകളിൽ സേവനം ലഭ്യമായ ദുബൈയിലെ ഏറ്റവും വലിയ ഗവൺമെന്റ് സേവന കേന്ദ്രം കൂടിയാണ് ഇ.സി.എച്ച് ഡിജിറ്റൽ. അൽ ബർഷാ മാൾ, ഖിസൈസ് പ്ലാസ, അൽ ബുസ്താൻ സെന്റർ, അൽ ഖിസൈസ് മെട്രോ എന്നിവിടങ്ങളിലും സേവനം ലഭ്യമാകും. നേരത്തെ കോവിഡ് കാലത്ത് യാത്രാവിലക്കിനെ തുടർന്ന് നാട്ടിലകപ്പെട്ട പ്രവാസികളെ യു.എ.ഇയിൽ തിരിച്ചെത്തിക്കുന്നതിന് കേരളത്തിൽനിന്ന് ആദ്യമായി ദുബൈയിലേക്ക് സ്വകാര്യ ചാർട്ടേർഡ് വിമാനം ഏർപ്പാടാക്കിയതും ഇ.സി.എച്ച് ഡിജിറ്റൽ ആയിരുന്നു.