യു.എ.ഇയില്‍ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
നാലുദിവസത്തെ അവധി. വാരാന്ത്യദിനങ്ങൾ ഉൾപ്പെടെ ഇത്തവണ ആറുദിവസം അവധിയായി ലഭിക്കും
യു.എ.ഇയിലെ താമസക്കാർക്ക് ബലിപെരുന്നാൾ ആഘോഷത്തിന് ഇത്തവണ ആറുദിവസം ലഭിക്കും. ഈ മാസം 19ന് അറഫാദിനം മുതൽ 22 വരെയാണ് യു.എ.ഇയിൽ സർക്കാർ അവധിദിനങ്ങൾ. ഫെഡറൽ അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഈദുൽ അദ്ഹ അവധിയും വാരാന്ത്യ അവധികളും ഇത്തവണ ഒരുമിച്ചാണ് വന്നത്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൾ കൂടി ചേർന്ന് ഞായറാഴ്ചയാവും മന്ത്രാലയങ്ങളും സ്ഥാപനങ്ങളും തുറക്കുക. ഇതോടെ ആഘോഷത്തിന് തുടർച്ചയായ ആറുദിവസം ജീവനക്കാർക്ക് ലഭിക്കും.
പെരുന്നാൾ അവധി യു.എ.ഇയിൽ തന്നെ ആഘോഷിക്കാനാണ് കൂടുതൽ പേരും ഒരുങ്ങുന്നത്. എന്നാൽ വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്‍റൈന്‍ ഇല്ലാതെ സഞ്ചരിക്കാവുന്ന വിവിധ വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും നിരവധിയാണ്. യാത്രാവിലക്ക് നിലവിലുള്ളതിനാൽ നാട്ടിലേക്ക് പോയാൽ തിരിച്ചുവരാൻ കഴിയാത്തതിനാൽ ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാർ ആഘോഷം യു.എ.ഇയിൽ തന്നെയാക്കും. വളരെ കുറച്ചാളുകൾ മാത്രമാണ് പെരുന്നാൾ അവധി ലക്ഷ്യംവെച്ച് നാട്ടിലേക്ക് മടങ്ങുന്നത്. കൂടിച്ചേരലുകൾക്കും മറ്റും ഇത്തവണയും കടുത്ത നിയന്ത്രണങ്ങളുണ്ടാകും.