യു.എ.ഇയിൽ ഈദിന് കോവിഡ് പ്രോട്ടോകോൾ; ഈദ് ഗാഹിനെത്തുന്നവർക്ക് മാസ്‌കും ഗ്രീൻപാസും നിർബന്ധം
യു എ ഇ ദേശീയദുരന്തനിവാരണ സമിതിയാണ് പെരുന്നാൾ ആഘോഷത്തിൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചത്.
യു.എ.ഇയിൽ പെരുന്നാൾ ആഘോഷത്തിന് കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു. ഈദ്ഗാഹിൽ എത്തുന്നവർക്ക് മാസ്കും ഗ്രീൻപാസും നിർബന്ധമാണ്. ഖുതുബയും നമസ്കാരവും 20 മിനിറ്റിൽ കൂടാൻ പാടില്ല.
യു എ ഇ ദേശീയദുരന്തനിവാരണ സമിതിയാണ് പെരുന്നാൾ ആഘോഷത്തിൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചത്. ഈദ്ഗാഹിലേക്കും പള്ളിയിലേക്കും വരുന്നവർക്ക് മാസ്ക് നിർബന്ധമാണ്. അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ഉറപ്പാക്കണം. ഒരു മീറ്റർ സാമൂഹിക അകലം പാലിച്ചാണ് നമസ്കാരത്തിന് നിൽക്കേണ്ടത്. പള്ളിക്ക് പുറത്തോ, അകത്തോ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കണം. ഈദ് ഖുതുബയും നമസ്കാരവും 20 മിനിറ്റിനകം പൂർത്തിയാക്കണം. നമസ്കാരത്തിന് സ്വന്തം മുസല്ലകളോ, ഡിസ്പോസിബിൾ മുസല്ലകളോ ഉപയോഗിക്കണം.
ഈദ്ഗാഹിന്റെ കവാടങ്ങളിൽ തിരക്ക് ഒഴിവാക്കാൻ പൊലിസും, സന്നദ്ധപ്രവർത്തകരുമുണ്ടാകും. ഇമാമും സുരക്ഷാനിർദേശങ്ങൾ നൽകണം. ഈദ് സമ്മാനങ്ങൾ കൈമാറാൻ ഇലക്ട്രോണിക് സൗകര്യങ്ങൾ ഉപയോഗിക്കണമെന്നും പ്രോട്ടോകോൾ നിർദേശിക്കുന്നുണ്ട്. ആഘോഷങ്ങളും സന്ദർശനങ്ങളും പരമാവധി അടുത്ത ബന്ധുക്കൾക്കിടയിൽ മാത്രം ഒതുക്കാൻ ശ്രമിക്കണം. സുബഹി നമസ്കാരത്തിന് ശേഷം മാത്രമേ രാവിലെ പള്ളികൾ ഈദ് നമസ്കാരത്തിനായി തുറക്കാവു. നമസ്കാരത്തിന് അരമണിക്കൂർ മുമ്പ് മൈക്കിലൂടെ തഖ്ബീർ മുഴക്കാം. പള്ളിക്ക് പുറത്തും സാമൂഹിക അകലം പാലിക്കാനുള്ള നിർദേശം പതിച്ചിരിക്കണം. പള്ളിക്ക് പുറത്തും പാർക്കിങ് മേഖലയിലും ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനാണിത്.