ജീവനക്കാർക്ക് ശമ്പളവർധനക്കൊപ്പം ആനുകൂല്യങ്ങളും വർധിപ്പിക്കാനൊരുങ്ങി എമിറേറ്റ്‌സ് എയർലൈൻസ്
പുതിയ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ ജൂലൈ 22ന് നൽകുന്ന കരാർ ഭേദഗതി കത്തിൽ വ്യക്തമാക്കും
ദുബൈ: ജീവനക്കാർക്ക് ശമ്പളവർധനക്കൊപ്പം ആനുകൂല്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി എമിറേറ്റ്‌സ് എയർലൈൻസ്. അടിസ്ഥാന ശമ്പളം, യാത്രാബത്ത, യു.എ.ഇ ദേശീയ അലവൻസ്, വിമാന ക്രൂ പ്രവർത്തന സമയ അലവൻസ് എന്നിവയിൽ നാലു ശതമാനം വർധനവായിരിക്കും ജീവനക്കാർക്ക് ലഭിക്കുക.
ശമ്പളവർധനക്കു പുറമെ താമസ, ഉപജീവന അലവൻസ് 10 മുതൽ 15 വരെ ശതമാനം വർധിക്കും. പുതിയ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ ജൂലൈ 22ന് നൽകുന്ന കരാർ ഭേദഗതി കത്തിൽ വ്യക്തമാക്കും. ശമ്പളത്തോടുകൂടിയ പ്രസവാവധി 60ൽനിന്ന് 90 ദിവസമാക്കി, അമ്മമാർക്ക് ദിവസേന ലഭിക്കുന്ന നഴ്സിങ് ഇടവേളകൾ ഒരു മണിക്കൂറിൽനിന്ന് രണ്ട് മണിക്കൂറാക്കും.
ശമ്പളത്തോടുകൂടിയ പിതൃത്വ അവധി അഞ്ചിൽ നിന്ന് 10 പ്രവൃത്തി ദിവസമായി വർധിപ്പിക്കും. സെപ്റ്റംബർ ഒന്നു മുതൽ വിദ്യാഭ്യാസ സഹായ ബത്തയും 10 ശതമാനം വർധിപ്പിക്കും. നടപ്പുവർഷം മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ റെക്കോഡ് ലാഭത്തെ തുടർന്ന് എമിറേറ്റ്സ് ഗ്രൂപ് ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 160ലധികം രാജ്യക്കാരായ 1,12,406 ജീവനക്കാരാണ് എമിറേറ്റ്‌സിൽ പ്രവർത്തിക്കുന്നത്. സമീപ കാലത്ത് 10 ശതമാനം വർധന ജീവനക്കാരുടെ എണ്ണത്തിൽ വരുത്തിയിരുന്നു.