യു.എ.ഇയിൽ എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു
100 ദിർഹമാണ് വിസക്ക് വർധിപ്പിച്ചിരിക്കുന്നത്
ദുബൈ: യു.എ.ഇയിൽ എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക നിർദേശം പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ അതോറിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
100 ദിർഹമാണ് വിസക്ക് വർധിപ്പിച്ചിരിക്കുന്നത്. എമിറേറ്റ്സ് ഐ.ഡി, സന്ദർശക വിസ, റെസിഡന്‍റ് വിസ എന്നിക്കെല്ലാം നിരക്ക് വർധനവ് ബാധകമാണ്. ഇതോടെ, 270 ദിർഹമായിരുന്ന എമിറേറ്റ്സ് ഐ.ഡി നിരക്ക് 370 ദിർഹമായി ഉയർന്നു. ഒരു മാസത്തെ സന്ദർശക വിസ നിരക്കും 270 ദിർഹമിൽ നിന്ന് 370 ദിർഹമായി. ദുബൈ എമിറേറ്റിൽ നിരക്ക് വർധനയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല.
സന്ദർശക വിസ യു.എ.ഇയിൽ നിന്ന് തന്നെ പുതുക്കാൻ കഴിയില്ലെന്ന നിബന്ധന പുനരാരംഭിച്ചതിന് പിന്നാലെയാണ് വിസ നിരക്ക് വർധിപ്പിച്ചത്. ഇതോടെ, പ്രവാസികളുടെ വിസ ചെലവേറും. ഒമാനിലേക്ക് ബസ്മാർഗം യാത്ര ചെയ്ത് എക്സിറ്റടിച്ച് പുതിയ വിസയുമായി തിരിച്ചെത്തുന്ന സംവിധാനം നിലച്ചതോടെ വിമാനത്തിലാണ് പ്രവാസികൾ ഒമാനിലും മറ്റ് രാജ്യങ്ങളും വിസ പുതുക്കാൻ പോകുന്നത്. 90 ദിവസ വിസ നിർത്തലാക്കിയതും പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു.
അടുത്തിടെ വിസാ ഫൈൻ 50 ദിർഹമായി ഏകീകരിച്ചിരുന്നു. ഇതുവഴി സന്ദർശക വിസക്കാരുടെ ഫൈൻ നിത്യവും 100 ദിർഹം എന്നതിൽ നിന്ന് 50 ദിർഹമായി കുറഞ്ഞെങ്കിലും താമസ വിസക്കാരുടേത് 25 ദിർഹമിൽ നിന്ന് 50 ദിർഹമായി ഉയർന്നു.