വിസ സ്റ്റാംപില്ല, പകരം എമിറേറ്റ്‌സ് ഐഡി; മാറ്റങ്ങൾക്കൊരുങ്ങി യുഎഇ - അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഏപ്രിൽ പതിനൊന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും
ദുബൈ: പ്രവാസികളുടെ പാസ്‌പോർട്ടിൽ താമസവിസ പതിക്കുന്ന രീതി യുഎഇ നിർത്തലാക്കുന്നു. വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാൻ സൗകര്യമൊരുക്കും. ഏപ്രിൽ പതിനൊന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും.
യുഎഇയിലെ താമസക്കാർക്ക് അവരുടെ റസിഡൻസി വിസ പാസ്‌പോർട്ടിൽ സ്റ്റാംപ് ചെയ്യേണ്ടതില്ലെന്ന് ചുരുക്കം. ഇതുസംബന്ധിച്ച ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി (ഐസിഎ) സർക്കുലർ പുറത്തിറക്കി.
താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. വിദേശത്ത് നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുമ്പോൾ വിമാനകമ്പനികൾക്ക് പാസ്‌പോർട്ട് നമ്പറും എമിറേറ്റ്‌സ് ഐഡിയും പരിശോധിച്ചാൽ യാത്രക്കാരന്റെ വിസാ വിവരങ്ങൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കും.
നേരത്തേ, യുഎഇയിൽ റെസിഡന്റ് വിസയിൽ എത്തുന്നവർ മെഡിക്കൽ പരിശോധനയും മറ്റും പൂർത്തിയാക്കി രണ്ട് മുതൽ പത്ത് വർഷത്തേക്ക് വരെ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതായിരുന്നു രീതി. ഒപ്പം തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐഡി ലഭ്യമാക്കും.
പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ യുഎഇ എമിറേറ്റ്‌സ് ഐഡി കൂടുതൽ വിവരങ്ങൾ ചേർത്ത് പരിഷ്‌കരിച്ചിരുന്നു. പൊതു-സ്വകാര്യ മേഖലയിൽ ഡിജിറ്റൽ സേവനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഗവൺമെന്റ് തീരുമാനം.
എന്താണ് എമിറേറ്റ്‌സ് ഐഡി
ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസൻഷിപ്പ് പുറത്തിറക്കുന്ന തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്‌സ് ഐഡി. യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും ഐഡി നിർബന്ധമാണ്. സർക്കാർ സർവീസുകൾ, ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യൽ, യുഎഇ പൗരന്മാർക്ക് ജിസിസി രാജ്യങ്ങൾക്കുള്ളിലെ യാത്ര, വിമാനത്താവളങ്ങൾക്കുള്ളിലെ സ്മാർട് ഗേറ്റ്, ഇ ഗേറ്റ് എന്നിവിടങ്ങളിലൂടെയുള്ള ഇമിഗ്രേഷൻ എന്നിവയ്ക്ക് ഐഡി കാർഡ് നിർബന്ധമാണ്.