യു.എ.ഇയിലെ ഗാർഹിക തൊഴിലാളികളുടെ നിയമനം: പുതിയ ഫെഡറൽ നിയമം നാളെ മുതല്‍ പ്രാബല്യത്തിൽ
18 വയസിനു ചുവടെയുള്ളവരെ ഗാർഹിക ജോലിക്ക് നിയമിക്കുന്നത് നിയമം കർശനമായി നിരോധിക്കുന്നു
യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം നാളെ പ്രാബല്യത്തിൽ വരും. ഗാർഹിക തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കുന്നതോടൊപ്പം അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിർവചിക്കുന്നതു കൂടിയാണ് നിയമം. വീടുകളിൽ ജോലി ചെയ്യുന്നവർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.
18 വയസിനു ചുവടെയുള്ളവരെ ഗാർഹിക ജോലിക്ക് നിയമിക്കുന്നത് നിയമം കർശനമായി നിരോധിക്കുന്നു. വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്‍റിനും താൽക്കാലിക നിയമനത്തിനും മന്ത്രാലയത്തിന്‍റെ അനുമതി വേണം എന്നതുൾപ്പെടെ നിരവധി മറ്റു വ്യവസ്ഥകളും ഇതിന്റെ ഭാഗമാണ്. ജോലിയുടെ സ്വഭാവവും വേതനവും ഉറപ്പുവരുത്തി വേണം ഗാർഹിക ജോലിക്ക് ആളെ നിയമിക്കാൻ. വീട്ടുവേലക്കാരുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുക്കണം. എല്ലാ കാര്യങ്ങളും കരാറിൽ രേഖപ്പെടുത്തണം. തൊഴിലുടമയുടെ സാമ്പത്തിക ബാധ്യതകളും റിക്രൂട്ട്‌മെന്‍റ് എജൻസിക്ക് നൽകുന്ന ഫീസും കരാറിൽ വ്യക്തമാക്കണം. റിക്രൂട്ട്‌മെന്‍റ് ഏജന്‍സി കരാറിൽ അപാകത വരുത്തിയാൽ നഷ്ടപരിഹാരത്തിന് തൊഴിലുടമക്ക് അവകാശമുണ്ടായിരിക്കും.
റിക്രൂട്ട്‌മെന്‍റ് ഏജൻസികൾ ഗാർഹിക ജീവനക്കാരോട് മാനുഷികമായി വേണം പെരുമാറാനെന്നും നിയമം പറയുന്നു. ശമ്പളാദി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം അനുവദിക്കില്ല. പാസ്പോർട്ട് വീട്ടുജോലിക്കാർ തന്നെ കൂടെ കരുതണം. രണ്ട് വർഷത്തിലൊരിക്കൽ വീട്ടുവേലക്കാർക്ക് അവധി അനുവദിക്കുകയും യാത്രാചിലവ് തൊഴിലുടമ വഹിക്കുകയും വേണം.