'ഒപ്പമുണ്ട് പ്രവാസ ലോകം': മീഡിയവണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇയിലെ പ്രവാസി കൂട്ടായ്മകൾ
നീതിയുക്തമായ മാധ്യമപ്രവർത്തനത്തിന് തടയിടുകയാണ് മീഡിയ വൺ സംപ്രേഷണ വിലക്കിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് സംഗമം കുറ്റപ്പെടുത്തി
സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നടത്തുന്ന നിയമപോരാട്ടത്തിന് പിന്തുണയുമായി യു.എ.ഇ തലസ്ഥാനമായ അബൂദബിയിലും ഐക്യദാർഢ്യ സംഗമം.'ഒപ്പമുണ്ട് പ്രവാസ ലോകം' എന്ന പേരിൽ നടന്ന പരിപാടിയിൽ അബൂദബിയിലെ മുഴുവൻ പ്രവാസി കൂട്ടായ്മകളും അണിനിരന്നു. മാധ്യമ സ്വാതന്ത്ര്യം ഉയർത്തി പിടിക്കാനുള്ള പോരാട്ടത്തിന് സംഗമം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
നീതിയുക്തമായ മാധ്യമപ്രവർത്തനത്തിന് തടയിടുകയാണ് മീഡിയ വൺ സംപ്രേഷണ വിലക്കിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് സംഗമം കുറ്റപ്പെടുത്തി. സംഗമത്തിൽ പങ്കെടുത്ത നൂറുകണക്കിനു പേർ പ്ലക്കാർഡുകൾ ഉയർത്തി 'സ്റ്റാൻഡ് വിത്ത് മീഡിയ വൺ' എന്ന് ഉറക്കെ പ്രഖ്യാപിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാർ, ഇൻകാസ് പ്രസിഡന്റ് യേശു ശീലൻ, ഇന്ത്യൻ ഇസ്്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ സലാം, കെ.എം.സി.സി. പ്രസിഡന്റ് ഷുക്കൂർ അലി, ശക്തി തിയേറ്റർ പ്രതിനിധി അഡ്വ. സലീം ചോലമുഖം, ഇസ്്ലാഹി സെന്റർ ആക്ടിങ് സെക്രട്ടറി അഷ്‌കർ നിലമ്പൂർ, മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ, അബൂദാബി മുസഫ മോഡൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുൽ ഖാദർ, അഡ്വ. ഷഹീൻ, കേരള സാംസ്‌ക്കാരിക വേദി അബൂദാബി കോർഡിനേറ്റർ ഷറഫുദ്ദീൻ മുളങ്കാവ്, പ്രവാസി ശ്രീ മുസഫ കോർഡിനേറ്റർ ഡോ. ബിൽകീസ്, താഹിർ, യൂത്ത് ഇന്ത്യ യു.എ.ഇ. പ്രസിഡന്റ് തൗഫീഖ് മമ്പാട്, മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി അംഗം അബ്ദുൽ റഊഫ്, എൻജിനീയർ അബ്്ദുൽ റഹ്‌മാൻ, അബ്്ദുല്ല സവാദ് തുടങ്ങിയവർ സംസാരിച്ചു. മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി പ്രതിനിധി എൻ.കെ. ഇസ്മയിൽ അധ്യക്ഷത വഹിച്ചു.