രണ്ട് വര്‍ഷത്തിനിടെ എആര്‍ റഹ്മാന്റെ ആദ്യ തത്സമയ സംഗീതപരിപാടി എക്സ്പോ വേദിയില്‍
റഹ്മാനൊപ്പം പ്രമുഖ ഇന്ത്യന്‍ സംഗീതജ്ഞരും നാളെ എക്‌സപോ വേദിയെ സമ്പന്നമാക്കും
ദുബൈ: ഡിസംബര്‍ 22 ബുധനാഴ്ച എക്സ്പോ വേദിയില്‍ ലൈവ് കച്ചേരിയുമായി വീണ്ടും ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്‍ എത്തുന്നു. റഹ്മാനെക്കൂടാതെ മറ്റു നിരവധി ഇന്ത്യന്‍ സംഗീത പ്രതിഭകളും കച്ചേരിയില്‍ പങ്കെടുക്കുന്നുണ്ട്.
ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് എആര്‍ റഹ്മാന്‍ തത്സമയം പരിപാടി അവതരിപ്പിക്കുന്നത്. എക്‌സപോ വേദിയിലെ ജൂബിലി പാര്‍ക്കില്‍ രാത്രി 8 മണി മുതലാണ് കച്ചേരി അരങ്ങേറുക.
നിരവിധി ഹിറ്റുകളില്‍ റഹ്മാന്റെ പങ്കാളിയായ ഇതിഹാസ സംഗീതജ്ഞന്‍ ഹരിഹരനും കച്ചേരിയില്‍ പങ്കെടുക്കുന്നുണ്ട്. സംഗീത സംവിധായകന്‍ രഞ്ജിത് ബരോട്ട്, ഇന്ത്യന്‍ നടനും സംഗീതജ്ഞയുമായ ആന്‍ഡ്രിയ ജെറമിയ, പ്രശസ്ത പിന്നണി ഗായകരായ ബെന്നി ദയാല്‍, ജോണിതാ ഗാന്ധി, ഹരിചരണ്‍, ജാവേദ് അലി, ശ്വേത മോഹന്‍, രക്ഷിത സുരേഷ്, കൂടാതെ റാപ്പര്‍മാരായ ബ്ലേസ്, ശിവംഗ് എന്നിവരും എക്‌സപോ വേദിയിലെത്തും.കച്ചേരിയില്‍ ഹിന്ദി, തമിഴ്, മലയാളമടക്കമുള്ള റഹ്മാന്റെ പ്രിയപ്പെട്ട രചനകളെല്ലാം അവതരിപ്പിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
എന്റെ മൂന്ന് പതിറ്റാണ്ടിനിടയിലെ സൃഷ്ടികളെല്ലാം അവതരിപ്പിക്കാന്‍ പ്രിയപ്പെട്ട ചില ഗായകരോടും ഇന്‍സ്ട്രുമെന്റലിസ്റ്റുകളോടുമൊപ്പം എക്സ്പോ വേദിയിലേക്ക് മടങ്ങിവരുന്നത് വലിയ പ്രത്യേകതയോടെയാണ് ഞാന്‍ നോക്കിക്കാണുന്നതെന്നും ഞങ്ങളില്‍നിന്ന് ഏറ്റവും മികച്ച സംഗീതാനുഭവം തന്നെയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുകയെന്നും റഹ്മാന്‍ പറഞ്ഞു.
പരിമിത ശേഷിയുള്ള വേദിയായതിനാല്‍, ആദ്യം വരുന്നവരെ ആദ്യം പ്രവേശിപ്പിക്കുന്ന രീതിയിലായിരിക്കും ക്രമീകരണങ്ങള്‍ നടക്കുക.