ദുബൈയിൽ ഇനി 24 മണിക്കൂറും ബീച്ചിൽ ഉല്ലസിക്കാം; സൗകര്യമേർപ്പെടുത്തി അധികൃതർ
പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകൾ നീന്താനിറങ്ങുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ രംഗത്തുണ്ടാകും.
ദുബൈയിൽ ഇനി 24 മണിക്കൂറും ബീച്ചിൽ ഉല്ലസിക്കാം. മൂന്ന് ബീച്ചുകളിൽ രാത്രിയിലും നീന്താനിറങ്ങാൻ ദുബൈ മുനിസിപ്പാലിറ്റി സൗകര്യം ഏർപ്പെടുത്തി. ഇവിടെ 800 മീറ്റർ നീളത്തിൽ രാത്രി സുരക്ഷിതമായി കടലിൽ കുളിക്കാനിറങ്ങാം.
ജുമൈറ 2, ജുമൈറ 3, ഉമ്മുസുഖൈം 1 എന്നീ ബീച്ചുകളിലാണ് രാത്രിയിലും നീന്താൻ സൗകര്യം ഏർപ്പെടുത്തിയത്. രാത്രിയിലും ബീച്ചിൽ ആവശ്യമായ വെളിച്ച സംവിധാനം നിലവിൻ വന്നു. ഇവിടെ സ്ഥാപിച്ച ഇലക്ട്രോണിക് സ്ക്രീനുകളിൽ ഓരോ സമയത്തും സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച നിർദേശങ്ങൾ തെളിയും.
നിർദേശങ്ങൾ പാലിച്ച് ഏത് സമയത്തും കടലിൽ നീന്താനിറങ്ങാം. പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകൾ നീന്താനിറങ്ങുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ രംഗത്തുണ്ടാകും. രാത്രി നീന്താൻ അനുവദിച്ച മേഖലയിൽ മേഖലയിൽ മാത്രമേ കടലിൽ ഇറങ്ങാവൂ. മറ്റിടങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണം.
കുട്ടികളുടെ സുരക്ഷ രക്ഷിതാക്കൾ ഉറപ്പുവരുത്തണം. സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ദുബൈ നഗരസഭ നിർദേശിക്കുന്നു. ദുബൈയിലെ വിനോദസഞ്ചാര മേഖലയും രാത്രി ജീവിതവും കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സൗകര്യം ഏർപ്പെടുത്തുന്നത്.