കാലാവസ്ഥ ഉച്ചകോടിയിൽ ഫെയ്ത്ത് പവലിയൻ; മാർപ്പാപ്പ വിഡിയോയിലൂടെ അഭിസംബോധന ചെയ്തു
ഭൗമ സംരക്ഷണത്തിന് വിശ്വാസികളുടെ പിന്തുണ തേടും
ദുബൈയിൽ നടക്കുന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫെയ്ത്ത് പവലിയൻ തുറന്നു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ വിശ്വാസ സമൂഹങ്ങളെയും മതസ്ഥാപനങ്ങളെയും അണിനിരത്തുകയാണ് ഫെയ്ത്ത് പവലിയന്റെ ലക്ഷ്യം. കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പവലിയൻ.
വിവിധ മത നേതാക്കളുടെ സാന്നിധ്യത്തിൽ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനാണ് ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഫ്രാൻസിപ്പ മാർപ്പാപ്പ, അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയിബ് എന്നിവർ ഉദ്ഘാടന ചടങ്ങിനെ വീഡിയോയിലൂടെ അഭിസംബോധന ചെയ്തു. ലോകത്ത് ഇന്ന് ആർക്കും എതിരല്ലാത്ത ഒരു സഖ്യം ആവശ്യമുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞു.
നമ്മൾ ഓരോരുത്തരുടെയും നേട്ടത്തിനായി പ്രവർത്തിക്കുന്നതായിരിക്കണം ആ സഖ്യം. ഭൂമിയെ സംരക്ഷിക്കുന്ന നടപടികൾക്ക് ഭരണാധികാരികളോട് ആവശ്യപ്പെടണം. സുസ്ഥിരത കൈവരിക്കുന്ന ജീവിതശൈലികളിലൂടെ മാറ്റം കൊണ്ടുവരാൻ നമ്മുക്ക് കഴിയുമെന്ന് മാർപ്പാപ്പ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി വിശ്വാസി സമൂഹങ്ങളുടെ പിന്തുണ തേടുന്ന നടപടിയെ അൽഅസർ ഇമാം അഭിനന്ദിച്ചു. മാർപ്പാപ്പയുടെ പ്രതിനിധി കർദിനാൾ പീറ്റോ പരോളിനും ചടങ്ങിൽ പങ്കെടുത്തു.
കോപ് 28 ലെ ക്ലൈമറ്റ്, റിലീഫ്, റിക്കവറി, പീസ് പ്രമേയത്തെ 74 രാജ്യങ്ങളും, 40 അന്താരാഷ്ട്ര സംഘടനകളും പിന്തുണച്ചു. ഇന്നലെ നടന്ന ലാസ്റ്റ് മൈൽ ഫോറത്തെ മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ് അഭിസംബോധന ചെയ്തു. ഉഷ്ണമേഖലാ രാജ്യങ്ങളിലെ അവഗണിക്കപ്പെടുന്ന രോഗങ്ങളുടെ പ്രതിരോധത്തിന് വിവിധ രാജ്യങ്ങൾ ചേർന്ന് 777 ദശലക്ഷം ഡോളർ പ്രഖ്യാപിച്ചു. യമനിലെയും, 39 ആഫ്രിക്കൻ രാജ്യങ്ങളിലെയും റിവർ ഡിസീസ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ യു എ ഇ 100 മില്യൺ ഡോളറും പ്രഖ്യാപിച്ചു.